ജൂലായ് 15 മുതല്‍ കേരളം ഇരുട്ടിലാകും

കേരളം വീണ്ടും പവര്‍കട്ട് കാലത്തിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുന്നു. മഴ ചതിച്ചത് കാരണം ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം വെട്ടിക്കുറച്ചു. പ്രതിദിന ഉത്പാദനത്തില്‍ അഞ്ചര ദശലക്ഷം യൂണിറ്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. മഴ ലഭിച്ചില്ലെങ്കില്‍ ഈമാസം 15 ന് ശേഷം വൈദ്യുതി നിയന്ത്രണം ഉണ്ടാകാനാണ് സാധ്യത.

മഴ കുറഞ്ഞതോടെ ഡാമുകളിലെ വെള്ളം കുറഞ്ഞതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. നിലവില്‍ ജലസംഭരണികളിലെല്ലാം 15 ശതമാനത്തില്‍ താഴെ മാത്രമാണ് വെള്ളമുള്ളത്. ഡാമുകളിലെ വെള്ളം ക്രമാതീതമായി കുറഞ്ഞതോടെ ജൂണ്‍ മാസം അവസാനത്തോടെ കെഎസ്ഇബി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ഇപ്പോള്‍ ഡാമിലുള്ള വെള്ളം ഉപയോഗിച്ച് പരമാവധി 30 ദിവസത്തേക്ക് കൂടിയേ വൈദ്യുതി ഉല്‍പ്പാദിക്കാനാകൂവെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ 15 ന് ചേരുന്ന യോഗത്തില്‍ വൈദ്യുതി നിയന്ത്രണത്തിനുള്ള തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.