എം എല്‍ എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കര്‍ ; രാജി വയ്ക്കുന്നവര്‍ നേരിട്ടെത്തണം
കര്‍ണാടകയില്‍ ഉയര്‍ന്നു വന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ പന്ത് നിയമസഭ സ്പീക്കറുടെ കോര്‍ട്ടില്‍. എട്ട് എംഎല്‍എമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ ഗവര്‍ണറെ അറിയിച്ചു. രാജി വച്ച 13 എംഎല്‍എമാരില്‍ അഞ്ച് പേര്‍ മാത്രമാണ് ചട്ടപ്രകാരം രാജിക്കത്ത് തന്നിട്ടുള്ളൂവെന്നും മറ്റുള്ളവരുടെ രാജിക്കത്തുകള്‍ ചട്ടപ്രകാരമല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ബാക്കിയുള്ള എംഎല്‍എമാര്‍ക്ക് തന്റെ മുമ്പില്‍ നേരിട്ട് ഹാജരാകുന്നതിന് ഇനിയും സമയമുണ്ടെന്നും ഇക്കാര്യത്തില്‍ ഭരണഘടനാ വിരുദ്ധമായി താന്‍ ഒന്നും ചെയ്യില്ലെന്നും സ്പീക്കര്‍ അറിയിച്ചു.
വിമത എംഎല്‍എമാര്‍ നേരിട്ടെത്തി കാരണം ബോധിപ്പിക്കുകയോ രാജിക്കത്ത് നല്‍കുകയോ വേണമെന്ന നിലപാടിലാണ് സ്പീക്കര്‍. നിലവിലെ സാഹചര്യത്തില്‍ സ്പീക്കര്‍ ഇന്ന് തന്നെ പ്രധാനപ്പെട്ട തീരുമാനമെടുക്കേണ്ടതാണ്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് നിരവധി മാര്‍ഗ്ഗങ്ങള്‍ സ്പീക്കര്‍ക്കുമുന്നിലുണ്ട്. സ്പീക്കര്‍ക്ക് വേണമെങ്കില്‍ എംഎല്‍എമാരുടെ രാജി ഉടന്‍ സ്വീകരിക്കാം, അല്ലെങ്കില്‍ എംഎല്‍എമാരുടെ രാജി താല്‍ക്കാലികമായി അനിശ്ചിതത്വത്തിലാക്കാം. എംഎല്‍എമാരുടെ രാജി സമ്മര്‍ദ്ദത്തിനു വഴങ്ങിയാണോ എന്ന് പരിശോധിക്കാന്‍ സമയം തേടാം. ഫ്ളോര്‍ ടെസ്റ്റ് നടത്താം.
എന്നാല്‍ അതിലുപരിയായി എംഎല്‍മാര്‍ കോണ്‍ഗ്രസ് ജെഡിഎസ അംഗങ്ങളായതിനാല്‍ സ്പീക്കര്‍ക്ക് വിപ്പ് പുറപ്പെടുവിക്കാന്‍ സാധിക്കും. എംഎല്‍എമാര്‍ വിപ്പ് അംഗീകരിച്ചില്ലെങ്കില്‍ അവര്‍ക്ക് ആന്റി ഡിഫെക്ഷന്‍ നിയമം നേരിടേണ്ടി വരും. ഇതോടെ സ്പീക്കര്‍ക്ക് അവരെ അയോഗ്യരാക്കാം.
ഭരണകക്ഷിയില്‍നിന്നും 2 സ്വതന്ത്രര്‍ ഉള്‍പ്പെടെ 15 അംഗങ്ങളാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ, എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും മന്ത്രിസഭയില്‍നിന്നും രാജി സമര്‍പ്പിച്ചു. ഈ സാഹചര്യത്തില്‍ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷിയായ ബിജെപി ആവശ്യപ്പെട്ടു.
അതേ സമയം കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടെന്നും ബിജെപിയെ സര്‍ക്കാരുണ്ടാക്കുന്നതിനായി ക്ഷണിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുമെന്നും ബിജെപി നേതാവ് ശോഭ കരന്തലജെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികളും ബിജെപി ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമ്പോഴും പ്രതീക്ഷ കൈവിടാതെ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള കരുനീക്കങ്ങളിലാണ് കോണ്‍ഗ്രസും ജനതാദളും. എന്തു വന്നാലും കര്‍ണാടകയില്‍ സര്‍ക്കാര്‍ താഴെ വീഴില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.