നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് ; എസ്ഐ ഒന്നരക്കോടി ചോദിച്ചു എന്ന് പ്രതി ശാലിനി
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രാജ്കുമാറിനെ മര്‍ദ്ദിക്കുന്നതിന് സാക്ഷിയെന്ന് പ്രതി ശാലിനി. ഒന്നരക്കോടി രൂപ ചോദിച്ചായിരുന്നു മര്‍ദ്ദനം. എസ്ഐയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു മൂന്നാംമുറയെന്നും ശാലിനി പറഞ്ഞു. വനിതാ പൊലീസും മൂന്നാംമുറയ്ക്ക് കൂട്ടുനിന്നുവെന്നും ശാലിനി വെളിപ്പെടുത്തി.
നാസറിനെ കാണാന്‍ മൂലമറ്റത്ത് രാജ്കുമാറുമൊത്ത് പോയിട്ടുണ്ട്. എന്നാല്‍ മൂലമറ്റത്തുള്ള എസ്ബിഐ ശാഖയ്ക്ക് സമീപം രാജ്കുമാര്‍ ഇറങ്ങി ശാലിനിയോട് ദൂരെ മാറി തനിക്കായി കാത്ത് നില്‍ക്കാന്‍ പറയുമായിരുന്നുവെന്നും ശാലിനി പറഞ്ഞു. നാസറിനെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെന്നും ശാലിനി പറഞ്ഞു.
നാസര്‍ എന്ന വ്യക്തിയുടെ പേരല്ലാതെ മറ്റൊരു വിവരവും തനിക്കറിയില്ലെന്നും നാസറുമായി ഫോണ്‍ ചെയ്യുമ്പോള്‍ രാജ്കുമാര്‍ ഫോണുമായി ദൂരെ മാറി പോവുമായിരുന്നുവെന്നും ശാലിനി പറഞ്ഞു.
നാസര്‍ ശാലിനിയുടെ വിവിധ അക്കൗണ്ടുകളില്‍ പണം ഇട്ടുതരുമെന്നാണ് രാജ്കുമാര്‍ വിശ്വസിപ്പിച്ചിരുന്നത്. നാസറുമായി തനിക്കൊരു ബന്ധവുമില്ലെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.