കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്ക എത്തുമോ ?
രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതോടെ പ്രതിസന്ധിയിലായ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി സഞ്ജന്‍ സിംഗ് വര്‍മ്മ.
കോണ്‍ഗ്രസിനെ നയിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യം ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണെന്നാണ് വര്‍മ്മ പറയുന്നത്. പ്രിയങ്കയ്ക്ക് പോരാട്ട മനോഭാവമുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അത് അത്യാവശ്യമാണെന്നും വര്‍മ്മ പറഞ്ഞു.
ബിജെപിയെ നേരിടാന്‍ പ്രിയങ്കയ്ക്ക് കഴിയുമെന്നും പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാമെന്നും സഞ്ജന്‍ സിംഗ് വര്‍മ്മ ചൂണ്ടികാട്ടി.നെഹ്‌റു-ഗാന്ധി മുഖമല്ലാതെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മറ്റൊന്ന് ചിന്തിക്കുന്നത് വിഢിത്തവും അത് തെറ്റാണെന്നും വര്‍മ്മ പറഞ്ഞു.
നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആരും പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന രാഹുലിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പാര്‍ട്ടിയെ നയിക്കേണ്ടത് യുവനേതാവാകണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ശക്തമാവുന്നുണ്ട്.