കര്‍ണ്ണാകട മന്ത്രി ഡികെ ശിവകുമാര്‍ മുംബയില്‍ അറസ്റ്റില്‍

കര്‍ണാടക മന്ത്രി ഡികെ ശിവകുമാര്‍ മുംബയില്‍ അറസ്റ്റില്‍. നേരത്തെ എംഎല്‍എമാരെ കാണാനെത്തിയ ശിവകുമാറിനെ മുംബൈ പൊലീസ് തടഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ ധര്‍ണ നടത്തുകയായിരുന്നു ശിവകുമാര്‍. ഇതിനിടെയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കുന്നത്. ശിവകുമാറില്‍ നിന്ന് പരാതിയുണ്ടെന്ന എംഎല്‍എമാരുടെ പരാതിയിലാണ് ശിവകുമാറിനെ പൊലീസ് തടഞ്ഞത്.

ശിവകുമാര്‍ തിരികെ പോകാന്‍ തയ്യാറായില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന പൊവേയ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന നിരോധനാജ്ഞ ജൂലായ് 12 വരെ തുടരും.

നാലുപേരില്‍ കൂടുതല്‍ പ്രദേശത്ത് സംഘം ചേരുന്നത് നിരോധിച്ചിരിക്കുന്നതായും ജനങ്ങളുടെ ജീവിതത്തിനും സമാധാനപരമായ അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നടപടിയെന്നുമാണ് പൊലീസിന്റെ വിശദീകരണം.

എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ നേരത്തെ തന്നെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. രാജിവച്ച വിമത എംഎല്‍എമാരെ കണ്ട് പ്രശ്‌നത്തിന് പരിഹാരം കാണുവാനായി മുംബൈയ്ക്ക് പറന്ന കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാറിന് ഹോട്ടലിനുള്ളില്‍ പ്രവേശനം ലഭിച്ചില്ല. ‘ഗോ ബാക്ക്’ വിളികളുമായാണ്’ ബിജെപി പ്രവര്‍ത്തകര്‍ ഡി. കെ. ശിവകുമാറിനെ സ്വീകരിച്ചത്. കൂടാതെ, മുംബൈ പൊലീസ് അദ്ദേഹത്തിന് ഹോട്ടലില്‍ പ്രവേശനം അനുവദിച്ചുമില്ല. അതിരാവിലെയാണ് ശിവകുമാര്‍ മുംബൈയിലെത്തിയത്.

അതിനിടെ കര്‍ണാടക സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു.

സ്പീക്കര്‍ മനപ്പൂര്‍വം രാജി സ്വീകരിക്കുന്നില്ലെന്നാണ് എംഎല്‍എമാരുടെ പരാതി. ഹര്‍ജി നാളെ പരിഗണിക്കും.

അതിനിടെ സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള ശ്രമങ്ങളുമായി ബിജെപി മുന്നോട്ടു നീങ്ങുകയാണ്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്, വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തിയിരുന്നു.