ബാറ്റിംഗ് തകര്‍ച്ച ; ഇന്ത്യ സെമിയില്‍ പുറത്തു
മുന്‍ നിര പരാജയമായ മത്സരത്തില്‍ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ധോണിയെ ഒരറ്റത്ത് നിര്‍ത്തി മികച്ച പോരാട്ടം കാഴ്ചവെച്ച രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ഇന്ത്യയെ വിജയിപ്പിക്കാനായില്ല. ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ മിന്നുന്ന വിജയവുമായി ന്യൂസിലന്‍ഡ് ഫൈനലിലെത്തുന്ന ആദ്യ ടീമായി. കിവീസ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു.
ലോകകപ്പിന്റെ ആദ്യ സെമിയില്‍ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ തുടക്കത്തിലെ ഞെട്ടിച്ചാണ് ന്യൂസിലന്‍ഡ് തുടങ്ങിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ വീഴ്ത്തി കിവികള്‍ തിരിച്ചടി തുടങ്ങി.
രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് രോഹിത് ശര്‍മയെ നഷ്ടമായി. മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലതം പിടിച്ച് പുറത്താകുമ്പോള്‍ ഒരു റണ്‍ മാത്രമാണ് രോഹിത് എടുത്തത്. അടുത്തടുത്ത ഓവറുകളില്‍ കോലിയും രാഹുലും കൂടാരം കയറിയതോടെ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കേണ്ട ചുമതല മധ്യനിരയ്ക്കായി. ഓരോ റണ്‍ വീതമെടുത്താണ് ഇരുവരും പുറത്തായത്. കോലിയെ ബോള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുരുക്കിയപ്പോള്‍ രാഹുല്‍ ലതമിന്റെ കൈകളില്‍ അവസാനിച്ചു.
ഏഴാം വിക്കറ്റില്‍ ജഡേജ ധോണിക്കൊപ്പം ചേര്‍ന്നതോടെയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനു വീണ്ടും ജീവന്‍ വെച്ചത്. എല്ലാ പ്രതീക്ഷയും അവസാനിച്ച ഇന്ത്യയെ ജഡേജയാണ് കൈപിടിച്ചുയര്‍ത്തിയത്. ഗ്രൗണ്ടിന്റെ നാലുപാടും ബൗണ്ടറികള്‍ കണ്ടെത്തിയ ജഡേജ ധോണിയില്‍ ഉറച്ച പങ്കാളിയെ കണ്ടെത്തിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമായി. മറ്റ് ബാറ്റ്‌സ്മാന്മാരെല്ലാം ബുദ്ധിമുട്ടിയ ട്രാക്കില്‍ ജഡേജ നടത്തിയ കൗണ്ടര്‍ അറ്റാക്ക് ഇന്ത്യക്ക് ജയപ്രതീക്ഷ നല്‍കി.
38 പന്തുകളില്‍ ജഡേജ അര്‍ദ്ധസെഞ്ചുറി കുറിച്ചു. ഇന്നിംഗ്‌സിന്റെ അവസാനത്തില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ സമ്മര്‍ദ്ദത്തിന് ഒടുവില്‍ ജഡേജയും കീഴടങ്ങി. 48ആം ഓവറില്‍ ജഡേജ പുറത്തായി. 77 റണ്‍സെടുത്ത ജഡേജ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വില്ല്യംസണ് പിടികൊടുത്താണ് മടങ്ങിയത്. ധോനിയുമായി ഏഴാം വിക്കറ്റില്‍ 116 റണ്‍സാണ് ജഡേജ കൂട്ടിച്ചേര്‍ത്തത്. തൊട്ടടുത്ത ഓവറില്‍ ധോണിയെ നേരിട്ടുള്ള ത്രോയിലൂടെ പുറത്താക്കിയ ഗപ്റ്റില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന ആണിയടിച്ചു. 50 റണ്‍സെടുത്ത ധോണി രണ്ടാം റണ്ണിനോടുന്നതിനിടെയാണ് പുറത്തായത്.
സ്‌കോര്‍: ന്യൂസിലന്‍ഡ്- നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239
ഇന്ത്യ- 49.3 ഓവറില്‍ 221 റണ്‍സിന് പുറത്ത്