കര്‍ണാടക ; വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് നേരിട്ട് രാജി നല്‍കണം : സുപ്രീംകോടതി

രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉഴലുന്ന കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ ഇന്ന് സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി രാജി സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വൈകീട്ട് ആറ് മണിക്ക് മുന്‍പ് സ്പീക്കര്‍ക്ക് മുന്‍പാകെ എത്തി രാജിക്കത്ത് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിമത എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായത്. വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയ കാര്യം റോത്തഗി സുപ്രീംകോടതിയെ ധരിപ്പിച്ചു. എന്നാല്‍ സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി രാജി സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് സ്പീക്കര്‍ നാളെ റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

കൂടാതെ, എല്ലാ വിമത എംഎല്‍എമാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കര്‍ണാടക ഡിജിപിയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഈ വിഷയത്തില്‍ വെള്ളിയാഴ്ച സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കും.

മുംബൈയിലായിരുന്ന വിമത എംഎല്‍എമാര്‍ സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായാണ് ബുധനാഴ്ച സുപ്രീംകോടതിയെ സമീപിച്ചത്. സ്പീക്കര്‍ മനപ്പൂര്‍വം രാജി സ്വീകരിക്കുന്നില്ലെന്നായിരുന്നു എംഎല്‍എമാരുടെ പരാതി.

പരാതിയുടെ ഗൗരവം കണക്കിലെടുത്ത് അടുത്ത ദിവസം തന്നെ സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു.