ഏറ്റവും നീചമായ കുതിരക്കച്ചവടം’: സീതാറാം യെച്ചൂരി ; ബിജെപിയുടെ നാണം കെട്ട കളി, മായാവതി

സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാന്‍ ബി ജെ പി നടത്തുന്ന കുതിര കച്ചവടത്തിന് എതിരെ സീതാറാം യെച്ചൂരിയും മായാവതിയും. കോണ്‍ഗ്രസ് മുക്ത ഭാരതമല്ല, പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപി ഏറ്റവും നീചമായ കുതിരക്കച്ചവടമാണ് നടത്തുന്നത്. ഇത് പ്രതീക്ഷിച്ചതാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് സംഘടന പ്രശ്‌നങ്ങള്‍ കൊണ്ടു വലയുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സര്‍ക്കാരുകളെ ഇല്ലാതാക്കാനുള്ള ശ്രമം ശക്തമാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂട്ടമായുള്ള കൂറുമാറ്റത്തോടെ കടുത്ത ഗോവയിലും കര്‍ണാടകയിലും രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് നിലനില്‍ക്കുന്നത്.

അതുപോലെ രാഷ്ട്രീയ നാടകങ്ങളില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതിയും രംഗത്തു വന്നു. പണവും അധികാരവും ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഒരിക്കല്‍ കൂടി ബിജെപി പുറത്തെടുത്തിരിക്കുന്നത്. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണിത്. അവസരം മുതലെടുത്ത് പാര്‍ട്ടികള്‍ മാറുന്നവരുടെ അംഗത്വം ഇല്ലാതാക്കാന്‍ രാജ്യത്ത് കര്‍ശനമായ നിയമം നടപ്പാക്കേണ്ട സമയം അതിക്രമിച്ചെന്നും മായാവതി പറഞ്ഞു.

വോട്ടി0ഗ് യന്ത്രങ്ങളില്‍ ക്രിത്രിമം നടത്തിയും വോട്ടിന് പണം നല്‍കിയുമാണ് ബിജെപി അധികാരത്തില്‍ ഏറിയത്. 2018ലും 19ലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളെ മറികടക്കാനാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ പുറത്താക്കാനുള്ള തീവ്ര ശ്രമങ്ങള്‍ തുടരുന്നത്. ബിജെപിയുടെ തരംതാണ നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും മായാവതി ട്വീറ്റ് ചെയ്തു.