ബാലഭാസ്ക്കറിന്‍റെ മരണം: പത്തോളം പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും
അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. സംഭവത്തിൽ ആരുടെയൊക്കെ മൊഴിയാണ് രേഖപ്പെടുത്തേണ്ടത് എന്നതിന്‍റെ പട്ടികയും ക്രൈംബ്രാഞ്ച് തയ്യാറാക്കി.
ജൂസ് കടയില്‍ ബാലഭാസ്ക്കറിനെ കണ്ടവരടക്കം പട്ടികയിലുണ്ടെന്നാണ് സൂചന. വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ നിന്നാണ് ബാലഭാസ്ക്കറിന്‍റെ മരണത്തിന്‍റെ ചുളിവുകള്‍ കൂടുതല്‍അഴിഞ്ഞതെന്ന് തന്നെ പറയാം.
ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഈ രഹസ്യമൊഴി എടുക്കാനുള്ള തീരുമാനം. നേരത്തെ ബാലഭാസ്ക്കറിന്‍റെത് അപകടമരണമാണെന്നാണ് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയത്.
ടൊയോട്ട കാര്‍ കമ്പനിയും മോട്ടോര്‍ വാഹന വകുപ്പുമാണ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് നല്‍കിയത്. അപകടം നടന്ന സമയത്ത് കാറിന്‍റെ വേഗത 100 നും 120 നും ഇടയില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അതേസമയം ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചതെന്നത്. അതിനു ഇതുവരെ ഒരു ഉത്തരം നൽകുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.