യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ ഗുണ്ടായിസം ; ബിരുദ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ് എഫ് ഐ നേതാക്കളും ബിരുദ വിദ്യാര്‍ത്ഥികളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
ആറ്റുകാല്‍ സ്വദേശിയാണ് പരുക്കേറ്റ അഖില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പും ഇവിടെ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു.സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം പ്രതികളായ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന നടപടിയാണ് അധ്യാപകര്‍ സ്വീകരിക്കുന്നത്. മാധ്യമങ്ങളെ കോളേജിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദം കൊടുത്തിട്ടില്ല. അതുപോലെ പോലീസും പ്രതികളായ വിദ്യാര്‍ത്ഥികളുടെ വശം ചേര്‍ന്നാണ് സംസാരിക്കുന്നത് എന്ന് മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എസ് എഫ് ഐക്ക് എതിരെ പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിക്കുന്ന സാഹചര്യം വരെയാണ് ഇപ്പോള്‍ കോളേജില്‍ അരങ്ങേറുന്നത്. റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമങ്ങളെയും പോലീസിനെയും എസ് എഫ് ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്.