എസ് എഫ് ഐക്ക് എതിരെ എസ്എഫ്‌ഐ : സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐക്കെതിരെ സ്വന്തം സംഘടനയില്‍ ഉള്ള പ്രവര്‍ത്തകര്‍ തന്നെ നിരത്തിലറിങ്ങി. സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫും രംഗത്തു ഇറങ്ങി. എസ്എഫ്‌ഐക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എഐഎസ്എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് ബാരിക്കേഡ് നിരത്തി പ്രവര്‍ത്തകരെ തടഞ്ഞതോടെ സംഘര്‍ഷമായി.

സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസ് ഒരുക്കിയിരുന്നത്. അക്രമം ഒരു കാരണവശാലും ഇനി വച്ചു പൊറുപ്പിക്കില്ലെന്ന് എസ്എഫ്‌ഐക്ക് മുന്നറിയിപ്പ് നല്‍കിയ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എഐഎസ്എഫിന്റെ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതായും അറിയിച്ചു. എസ്എഫ്‌ഐക്കെതിരെ പരസ്യമായ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തിയാണ് യൂണിറ്റെന്നും എഐഎസ്എഫ് നേതാക്കള്‍ പറയുന്നു.

അതേസമയം യൂണിവേഴ്‌സിറ്റി കോളേജിനകത്ത് സഹപാഠിയായ അഖിലിന് കുത്തേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജീവനില്‍ പേടിയുണ്ടെന്ന് അഖിലിന്റെ സുഹൃത്ത് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടന്ന അന്ന് തന്നെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഇടപെട്ടുവെന്നാണ് അഖിലിന്റെ സുഹൃത്ത് ജിതിന്റെ വെളിപ്പെടുത്തല്‍.

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അടക്കം പ്രശ്‌നത്തില്‍ ഇടപെട്ടു സംസാരിച്ചെന്നും ജിതിന്‍ പറഞ്ഞു.