ആന്തൂര്‍ ; സി പി എം തങ്ങള്‍ക്ക് എതിരെ അപവാദ പ്രചരണം നടത്തുന്നു എന്ന് വ്യവസായിയുടെ ഭാര്യ
സി പി എം പ്രതികാരം തീര്‍ക്കുന്നു എന്ന് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന. സിപിഐഎം പല രീതിയില്‍ ദ്രോഹിക്കുന്നുവെന്നും കുടുംബത്തിനെതിരെ പാര്‍ട്ടി അപവാദ പ്രചാരണം നടത്തുകയാണെന്നും സിപിഎമ്മും പൊലീസും ചേര്‍ന്ന് തങ്ങള്‍ക്കെതിരെ ദുഷ്പ്രചാരണം നടത്തുകയാണ് എന്നും ബീന പറയുന്നു. അതുപോലെ പാര്‍ട്ടി പത്രമായ ദേശാഭിമാനി തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്.
കുട്ടികള്‍ക്കെതിരെ പോലും വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്. മക്കളുമായി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്നും ബീന പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സാജന്റെ ഭാര്യ വ്യക്തമാക്കി.തങ്ങള്‍ പൊലീസിന് നല്‍കിയ മൊഴിയെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടില്ലെന്നും സാജന്റെ മക്കളും മാധ്യമങ്ങളോട് പറഞ്ഞു.
ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണസംഘം ഇന്ന് സാജന്റെ ഡ്രൈവറെ ചോദ്യം ചെയ്തിരുന്നു. സാജന്റെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചു നടത്തിയ ഫോണ്‍ വിളികളുടെ രേഖകള്‍ പരിശോധിച്ചതിനുശേഷമാണ് ഡ്രൈവറെ ചോദ്യം ചെയ്തത്.
ആത്മഹത്യ ചെയ്ത ദിവസത്തെ ഫോണ്‍ സംഭാഷണങ്ങളിലെല്ലാം സാജന്‍ ആത്മവിശ്വാസത്തോടെ തന്നെയാണ് സംസാരിച്ചിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഒരു റിട്ട.ടൗണ്‍ പ്ലാന്‍ ഓഫീസറുമായി ഈ ദിവസം സാജന്‍ സംസാരിച്ചിരുന്നതായും കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി ലഭിക്കാത്തതിനുപുറമെ മറ്റ് ചില പ്രശ്നങ്ങളും സാജന്റെ ആത്മഹത്യക്ക് കാരണമായിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ഈ രീതിയിലാണ് ഇപ്പോള്‍ കേസന്വേഷണം മുന്നോട്ടു പോകുന്നതും.