യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് ഓഫിസ് അഥവാ ഇടിമുറിയില്‍ കത്തികളും മദ്യക്കുപ്പികളും

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റിന് എതിരെ പല ഭാഗങ്ങളില്‍ നിന്നും ആരോപണങ്ങള്‍ ഉണ്ടാകുന്നതിനു പിന്നാലെ യൂണിറ്റ് ഓഫീസില്‍ നിന്നും കത്തികളും മദ്യക്കുപ്പികളും കണ്ടെടുത്തു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇടിമുറിയെന്ന് വിശേഷിപ്പിക്കുന്ന ഇടത്തു നിന്നാണ് ഇവ കണ്ടെത്തിയത്. പലരും അന്തിയുറങ്ങതിന്റെ ലക്ഷണങ്ങളും ഈ മുറിയിലുണ്ട്.

കത്തികള്‍, മദ്യക്കുപ്പികള്‍, തടിക്കഷണങ്ങള്‍, ഇരുമ്പ് കമ്പികള്‍ എന്നിവയാണ് ഇവിടെ നിന്നും കണ്ടെടുത്തത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ പ്രവേശനം നിഷേധിച്ചിരിക്കുന്ന ഇടമാണ് കോളേജ് ഓഡിറ്റോറിയത്തോടു ചേര്‍ന്ന ഈ മുറി. യൂണിയന്‍ ഓഫീസിനായി കോളേജ് വിട്ടു നല്‍കിയിരിക്കുന്ന സ്ഥലമാണ് കാലങ്ങളായി എസ്എഫ്ഐ കൈയടക്കിവെച്ചിരിക്കുന്നത്. ഇന്നലെ സംഘര്‍ഷം നടന്ന വേളയിലുള്‍പ്പെടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഇവിടേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടഞ്ഞിരുന്നു. ഇന്നും ചില ജീവനക്കാര്‍ അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്.

എസ്എഫ്ഐയുടെ പരിപാടികളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരോ എസ്എഫ്ഐക്ക് എതിരെ പ്രതികരിക്കുന്നവരോ ആയ വിദ്യാര്‍ഥികളെ യൂണിറ്റ് കമ്മിറ്റി സംഘം ഓഡിറ്റോറിയത്തിനു സമീപത്തെ ഈ ഇടിമുറിയിലേക്കു കൊണ്ടു പോകും. തുടര്‍ന്ന് വിചാരണയും മര്‍ദനവും. നാളുകളായി ഈ ഇടിമുറിക്കെതിരെ ആക്ഷേപം ഉയരാറുണ്ടെങ്കിലും ഇങ്ങനെയൊന്ന് അറിയില്ലെന്നാണ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ കോളേജ് അധികൃതരുടെ വാദം.

അതേസമയം കത്തികളും മദ്യക്കുപ്പികളും മാധ്യമ പ്രവര്‍ത്തകരാണ് യൂണിറ്റ് ഓഫീസില്‍ കൊണ്ടുവെച്ചതെന്നാണ് കേളേജിലെ ചില ജീവനക്കാരുടെ ആരോപണം. അധികൃതരുടെ ഭാഗത്ത് നിന്ന് തന്നെയുള്ള ഈ പിന്തുണയാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ ഏകാധിപത്യ ഭരണത്തിന് കാരണമെന്നാണ് വിദ്യാര്‍ഥികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.