ബീഫിനെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; തമിഴ്നാട്ടില്‍ മുസ്ലിം യുവാവിന് മര്‍ദ്ദനം ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ

ബീഫ് കഴിച്ചെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുസ്ലിം യുവാവിന് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരുടെ മര്‍ദ്ദനം.നാഗപട്ടണം പൊറവച്ചേരി കീഴ്വേളൂര്‍ പെരുമാള്‍ കോവില്‍വീഥി മുഹമ്മദ് ഫൈസാന്‍ (24) ആണ് മര്‍ദ്ദനത്തിനിരയായത്.

‘ആര് എന്തൊക്കെ പറഞ്ഞാലും ബീഫ് കറി ബീഫ് കറി തന്നെ’ എന്ന അടികുറിപ്പോടെ ഫൈസാന്‍ ബീഫിന്റെ ചിത്രം പോസ്റ്ര് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് മുഖം മൂടി ധരിച്ച നാല്‍വര്‍ സംഘം ഫൈസാനെ ആക്രമിക്കുകയും കത്തികൊണ്ട് കുത്തുകയും ഇരുമ്പ് വടികൊണ്ട് അടിക്കുകയുമായിരുന്നു. സംഭവത്തില്‍ നാഗപട്ടണം ജില്ലാ പൊലീസ് സുപ്രണ്ട് ടി.കെ രാജശേഖരന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേപ്രദേശത്ത് താമസിക്കുന്ന എന്‍. ദിനേഷ്‌കുമാര്‍ (28), എ. ഗണേഷ്‌കുമാര്‍ (27), എം. മോഹന്‍കുമാര്‍ (28), ആര്‍. അഗസ്ത്യന്‍ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തന്റെ പോസ്റ്റിന് പിന്നാലെ ഹിന്ദു കക്ഷികളുടെ ഭീഷണി ഉണ്ടായിരുന്നതായി ഫൈസാന്‍ പറഞ്ഞതായി ന്യുസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ഫൈസാന് എതിരെയുണ്ടായ അക്രമണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു.

ഇതിനെതിരെ ബീഫ് 4 ലൈഫ്, വീ ലവ് ബീഫ് എന്നീ ഹാഷ് ടാഗുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. ട്വിറ്ററിലും ഫേസ്ബുക്കിലും ഈ ഹാഷ് ടാഗുകള്‍ വൈറലാണ്. നിരവധി പേരാണ് വിവിധ ബീഫ് വിഭവങ്ങളുടെ ചിത്രത്തിനോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.