ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം ; സുനാമി മുന്നറിയിപ്പില്ല

കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തി. അതേസമയം ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ല എന്ന് അധികൃതര്‍ പറയുന്നു. മാലുകു പ്രദേശത്ത് നിന്നും 165 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും ഇറങ്ങി ഓടി. വീടുകളില്‍ തിരികെ പ്രവേശിക്കാനാവാതെ ഭയന്ന് വഴിയരികിലാണ് ഇപ്പോഴും ജനങ്ങള്‍.

ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.28 ഓടെയാണ് ഭൂകമ്പം നടന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വന്‍ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

ഇന്‍ഡോനീഷ്യയില്‍ കഴിഞ്ഞ ആഴ്ചയും സമാനരീതിയില്‍ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. 2004 ഡിസംബര്‍ 26 ന് ഇന്‍ഡോനീഷ്യയില്‍ റിക്ടര്‍സ്‌കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് ജീവനുകള്‍ പൊലിഞ്ഞിരുന്നു. സുനാമി മുന്നറിയിപ്പില്ലെങ്കിലും റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.