ധോണി വിരമിക്കണമെന്ന് ബിസിസിഐ
എം.എസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം കാത്തിരിക്കുകയാണ് ഒരു കൂട്ടം ക്രിക്കറ്റ് ആരാധകര്‍. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ കളിച്ചത് അദ്ദേഹത്തിന്റെ അവസാന മത്സരമാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ തുടരുമെന്ന് കരുതുന്ന ചുരുക്കം ചിലരുമുണ്ട്.
ധോണിയുടെ വിരമിക്കലിനെ കുറിച്ച് ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന് ഇനിയൊരു അവസരം നല്‍കേണ്ടെന്നാണ് ബിസിസിഐയുമായുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ധോണി തീരുമാനമെടുത്തില്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കുമെന്നും ബിസിസിഐ അംഗം അറിയിച്ചു.
ചീഫ് സെലക്റ്റര്‍ എം.എസ്.കെ ധോണിയുമായി വിരമിക്കലിനെ കുറിച്ച് സംസാരിക്കും. ബിസിസിഐ അംഗം പറയുന്നതിങ്ങനെ... ”ധോണി ഇതുവരെ വിരമിക്കലിനെ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ലെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു. യുവാക്കളായ ഋഷഭ് പന്തിനെ പോലുള്ള താരങ്ങള്‍ കാത്തിരിക്കുന്നു. നമ്മള്‍ ലോകകപ്പില്‍ കണ്ടതാണ്, ധോണി മുമ്പത്തെ ധോണിയല്ല.
അദ്ദേഹത്തിന് പഴയ പോലെ കളിക്കാന്‍ സാധിക്കുന്നില്ല. അത് ടീമിന് ഭാരമാവുകയും ചെയ്യുന്നു. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് വരെ അദ്ദേഹം കാത്തിരിക്കേണ്ടതില്ല. ധോണി ഏകദിനത്തിലേക്ക് തെരഞ്ഞെടുക്കുമെന്ന് ഉറപ്പുള്ള താരമല്ലെന്നും ബിസിസിഐ അംഗം പറഞ്ഞു.
അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയാണ് ഇനി ഇന്ത്യക്ക് കളിക്കാനുള്ളത്. ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പായിട്ടില്ല.