ശബരിമലയില്‍ പോലീസുകാര്‍ ചാരപ്പണി നടത്തി എന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ പൊലീസ് സര്‍ക്കാരിനെ ഒറ്റുകൊടുക്കുകയാണ് ചെയ്തത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസുകാര്‍ ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി , പൊലീസ് ഉന്നത ഉദ്യോഗസ്ഥരടക്കം ഡ്യൂട്ടിയില്‍ നിന്ന് വിട്ടു നിന്നു. ഉദ്യോഗസ്ഥര്‍ തന്നിഷ്ടപ്രകാരമാണ് പെരുമാറിയത്. മനിതി സംഘം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം മറന്നാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വലിയ പാളിച്ച പൊലീസിന് ഉണ്ടായെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

‘പൊലീസുകാര്‍ സര്‍ക്കാര്‍ തീരുമാനത്തോടൊപ്പവും സംസ്ഥാന താല്‍പര്യത്തിന് ഒപ്പവുമാണ് നില്‍ക്കേണ്ടത്. നിങ്ങളില്‍ ചിലര്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാമോ സ്റ്റേറ്റിനൊപ്പം നിന്നുവെന്ന്’ ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ശബരിമലയിലെ വിവരങ്ങള്‍ പൊലീസുകാരില്‍ ചിലര്‍ മതതീവ്രവാദികളെ അറിയിച്ചു. ഇത് പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കാനിടയാക്കിയെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ നിലപാടിന് ഒപ്പം നില്‍ക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായി. ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഉത്തരവാദിത്തത്തില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞു നിന്നു. മനിതി സംഘം എത്തിയപ്പോള്‍ ഉത്തരവാദിത്തം മറന്ന പൊലീസുകാര്‍ സ്വന്തം താല്‍പര്യം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പലപ്പോഴും നാറാണത്ത് ഭ്രാന്തന്റെ അവസ്ഥയിലായിരുന്നു പൊലീസെന്നും പിണറായി വിജയന്‍ പറഞ്ഞു.

കസ്റ്റഡി മരണത്തിന്റെ സാഹചര്യവും വിമര്‍ശന വിധേയമായി. പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്നായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. കസ്റ്റഡിമര്‍ദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

പെറ്റികേസുകളുടെ എണ്ണം കൂട്ടുന്നതല്ല പൊലീസിന്റെ ഉത്തരവാദിത്തമെന്നും പിണറായി വിജയന്‍ പൊലീസ് സേനയെ ഓര്‍മ്മിപ്പിച്ചു. നെടുങ്കണ്ടം കസ്റ്റഡി മരണമടക്കം പൊലീസിനെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഡിജിപി മുതല്‍ എസ്പിമാര്‍ വരെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.