എസ്എഫ്‌ഐ ഗുണ്ടായിസം തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലും ; നേതാക്കള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്
യൂണിവേഴ്‌സിറ്റി കോളേജിന് പിന്നാലെ തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലും എസ്എഫ്‌ഐയുടെ വിദ്യാര്‍ഥി പീഡനത്തിന്റെ വിവരങ്ങള്‍ പുറത്തു. എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ഥിനികളെ യൂണിയന്‍ മുറിയില്‍ വെച്ച് ചോദ്യം ചെയ്യുന്നതിന്റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു . കേരള സര്‍ക്കാര്‍ നടത്തിയ വനിതാമതിലിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനിന്ന പെണ്‍കുട്ടികളെയാണ് നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്.
യൂണിവേഴ്‌സിറ്റി കോളേജിലേതിന് സമാനമാണ് എസ്എഫ്‌ഐയുടെ മറ്റൊരു കോട്ടയായ ആര്‍ട്‌സ് കോളേജിലെയും സ്ഥിതിയെന്ന് ശബ്ദരേഖ വ്യക്തമാക്കുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ മുറി എസ്എഫ്‌ഐയുടെ ഇടിമുറിയാണെങ്കില്‍ ഇവിടെ അത് വിചാരണകേന്ദ്രമാണ്. വനിതാമതില്‍ പ്രചാരണത്തില്‍ പങ്കെടുക്കാതിരുന്ന പെണ്‍കുട്ടികളെ നേതാക്കള്‍ ചോദ്യം ചെയ്യുന്നതാണ് ശബ്ദരേഖയിലുള്ളത്.
പ്രചാരണപരിപാടിയില്‍ പങ്കെടുക്കാതിരുന്നതിന് പെണ്‍കുട്ടികളോട് വിശദീകരണം ചോദിക്കുന്നതും അവര്‍ പറയുന്ന മറുപടിയില്‍ തൃപ്തിപ്പെടാതെ ആണ്‍കുട്ടികള്‍ പ്രതികരിക്കുന്നതുമാണ് ശബ്ദരേഖയിലുള്ളത്. വേറൊരു പരിപാടിയിലും പങ്കെടുക്കരുതെന്നും പഠിക്കാനാണ് വരുന്നതെങ്കില്‍ പഠിച്ചിട്ട് പോകുക മാത്രമേ ചെയ്യാവൂ എന്നും പെണ്‍കുട്ടികളോട് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുണ്ട്. മുന്‍കാലങ്ങളായിരുന്നെങ്കില്‍ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരുന്നാല്‍ കോളേജില്‍ നിന്ന് തന്നെ പുറത്താക്കാറുണ്ടായിരുന്നെന്ന സൂചനയും ശബ്ദരേഖയിലുണ്ട്.
ചോദ്യം ചെയ്യലിന് വിധേയരായ വിദ്യാര്‍ഥിനികള്‍ ഇപ്പോഴും കോളേജില്‍ പഠിക്കുന്നവരായതിനാല്‍ നേരിട്ട് മാധ്യമങ്ങളില്‍ സംസാരിക്കാന്‍ പേടിയാണ്. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സമീറിന്റെ നേതൃത്വത്തിലാണ് ഭീഷണിയെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. അധ്യാപകരോട് പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നാണ് ആര്‍ട്‌സ് കോളേജില്‍ നിന്നും പിജി കോഴ്‌സ് പൂര്‍ത്തിയാക്കിയ അനുപമ എന്ന വിദ്യാര്‍ഥിനി പറയുന്നത്.