രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് എസ് പിയുടെ നിര്‍ദ്ദേശപ്രകാരം എന്ന് എസ് ഐ

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ആരോപണ വിധേയനായ മുന്‍ ഇടുക്കി എസ്പിക്കെതിരെ കേസിലെ ഒന്നാം പ്രതി എസ്‌ഐ സാബു. എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് എസ്ഐ മൊഴി നല്‍കി . രാജ്കുമാറിനെ ചോദ്യം ചെയ്തതും എസ്പിയുടെ നിര്‍ദേശപ്രകാരമാണ്. എസ്പിയുടെ നിര്‍ദേശപ്രകാരം സഹപ്രവര്‍ത്തകരാണ് ചോദ്യം ചെയ്തതെന്നും എസ്ഐയുടെ മൊഴിയില്‍ പറയുന്നു.

എസ്പി കെ ബി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെന്നും ചോദ്യം ചെയ്തതെന്നും എസ്‌ഐ സാബു വെളിപ്പെടുത്തി. ഡിവൈഎസ്പിക്കും അറസ്റ്റ് വിവരം അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നുവെന്നും എസ് പിയുടെ നിര്‍ദ്ദേശപ്രകാരം സഹപ്രവര്‍ത്തകരാണ് ചോദ്യം ചെയ്തതെന്നും എസ്‌ഐ പറയുന്നു. തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് എസ്‌ഐ സാബുവിന്റെ വെളിപ്പെടുത്തല്‍.

ഇതിനിടെ, സംഭവത്തില്‍ പീരുമേട് സബ്ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വാസ്റ്റിന്‍ ബോസ്‌കോയെ ജയില്‍ മേധാവി സസ്‌പെന്‍ഡ് ചെയ്തു. താല്‍ക്കാലിക വാര്‍ഡന്‍ സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വകുപ്പ് തല അന്വേഷണത്തിന് ചീമേനി ജയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

കേസില്‍ ആരോപണ വിധേയനായ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ നേരത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഭീകരവിരുദ്ധ സ്‌ക്വാഡിലേക്കാണ് എസ്പിയെ മാറ്റിയത്. രാജ്കുമാറിന്റെ കസ്റ്റഡിമരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വസ്തുതാ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു എസ്പിക്കെതിരായ നടപടി. നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സാബു ഉള്‍പ്പെടെയുള്ള പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.