നസീം പിടിച്ചു നിര്‍ത്തി കുത്തിയത് ശിവരഞ്ജിത്ത് ; ആക്രമണ കാരണം മുന്‍വൈരാഗ്യം : അഖിലിന്റെ മൊഴി
യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീം തന്നെ പിടിച്ചു നിര്‍ത്തിക്കൊടുത്തെന്നും ശിവരഞ്ജിത്ത് കുത്തിയെന്നും കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഖില്‍ പൊലീസിന് മൊഴി നല്‍കി. ഇരുവര്‍ക്കും തന്നോട് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്നും അഖിലിന്റെ മൊഴിയിലുണ്ട്. തന്നോട് പാട്ടുപാടരുതെന്നും ക്ലാസില്‍ പോകണമെന്നും യൂണിറ്റ് കമ്മിറ്റിയിലെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു.
യൂണിറ്റ് കമ്മിറ്റിയുടെ നിര്‍ദേശം അനുസരിക്കാത്തതിന് തനിക്കെതിരെ വിരോധമുണ്ടായിരുന്നെന്നും അഖില്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കാനെത്തിയത്. തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖില്‍ നേരത്തെ ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. അഖിലിനെ കുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെയുള്ള 6 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്.
അച്ഛനോടും ഡോക്ടറോടും പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് അഖില്‍ പൊലീസിനോടും പറഞ്ഞിട്ടുള്ളത്. എസ്എഫ്‌ഐയുടെ ധിക്കാരം അംഗീകരിക്കാത്തിലുള്ള വിരോധമാണെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. വധശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ മൊഴിയാണ് നല്‍കിയിട്ടുള്ളതെന്നും ഇതനുസരിച്ച് കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖില്‍ നിര്‍ണ്ണായക മൊഴി നല്‍കിയതോടെ തെളിവെടുപ്പും കൂടുതല്‍ ചോദ്യം ചെയ്യലും അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.