പാക്കിസ്ഥാനില്‍ തടവിലുള്ള കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു
വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ യാദവിന്റെ വശശിക്ഷ അന്താരാഷ്ട്രനീതിന്യായ കോടതി തടഞ്ഞു. കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന്‍ കോടതിയുടെ നടപടി അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി.
വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു. അതേസമയം ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഈ കേസില്‍ ഇടപെടാനാവില്ലെന്ന പാകിസ്ഥാന്റെ വാദവും കോടതി തള്ളിക്കളഞ്ഞു.
നിഷ്പക്ഷമായ രീതിയില്‍ അല്ല കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വിചാരണ ചെയ്തതെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചു. പാകിസ്താന്‍ കസ്റ്റഡിയില്‍ എടുത്ത കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം ലഭിക്കാതെ പോയി. വിയന്ന ഉടമ്പടിയിലെ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണ് പാകിസ്താന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൈകാര്യം ചെയ്തിരിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു.
മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍ 2016 മാര്‍ച്ച് മൂന്നിനാണ് അറിയിച്ചത്. അതേസമയം ഇറാനില്‍ നിന്നും ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യ പറയുന്നു. ചാരപ്രവര്‍ത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ പാകിസ്ഥാന്‍ സൈനിക കോടതി വിധിച്ചത്.
ഇതിനെതിരെ മെയ് മാസത്തില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിക്കുകയായിരുന്നു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്താന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. 2017ലാണ് ബലൂചിസ്ഥാനില്‍വച്ച് ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവും നടത്തിയെന്ന് ആരോപിച്ച് പാകിസ്താന്‍ കുല്‍ഭൂഷനെതിരെ വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് പാക് ജയിലില്‍ കഴിയുകയാണ് ഇദ്ദേഹം.
ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വധശിക്ഷയെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. നയതന്ത്രതല സഹായം കുല്‍ഭൂഷണ്‍ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ 15 അംഗ ബെഞ്ച് കേസില്‍ ഇന്ന് വിധി പറഞ്ഞത്.