നഗ്‌നത ; അമല പോളിന്റെ ‘ആടൈ’ വിലക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകയുടെ പരാതി

അമലാപോള്‍ നായികയാകുന്ന പുതിയ സിനിമയായ ‘ആടൈ’ ക്ക് എതിരെ സാമൂഹ്യ പ്രവര്‍ത്തകയുടെ പരാതി. സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവര്‍ത്തകയായ പ്രിയ രാജേശ്വരിയാണ് രംഗത്തു വന്നത്. പ്രശസ്തിക്കും പണത്തിനുമായി അമല പോള്‍ എന്തുംചെയ്യാന്‍ തയ്യാറാണെന്നും പ്രിയ രാജേശ്വരി ചെന്നൈയില്‍ പറഞ്ഞു.

ഈ കാര്യം കാണിച്ചു അവര്‍ ഡിജിപിക്ക് പരാതി നല്‍കി. നഗ്‌നത ഉപയോഗപ്പെടുത്തി ഈ ചിത്രം പ്രചാരണം ചെയ്യരുതെന്നാണ് പരാതിയില്‍ പ്രിയ ആവശ്യപ്പെടുന്നത്. നഗ്‌നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവര്‍ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെണ്‍കുട്ടികളെ മുഴുവന്‍ ഇവര്‍ മോശമായി ചിത്രീകരിക്കുകയാണ് എന്നും പരാതിയില്‍ പറയുന്നു.

അന്യസംസ്ഥാനത്ത് നിന്ന് വരുന്ന അമല പോളിന് തമിഴ് സംസ്‌കാരത്തെക്കുറിച്ച് അറിയില്ല. നേരത്തെ മികച്ച റോളുകളില്‍ അഭിനയിച്ച് നിരവധി ആരാധകരെ നേടിയ ശേഷമാണ് അമല ഇത്തരം മോശം അഭിനയരീതിയിലേക്ക് തിരിഞ്ഞത്. തമിഴില്‍ നല്ല കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അഭിനയിച്ച അവര്‍ക്ക് അങ്ങനെയൊരു സ്ഥാനമാണ് ജനങ്ങളുടെ ഹൃദയത്തിലുള്ളത്.

അങ്ങനെയുള്ള നടി ഇത്തരമൊരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും പ്രിയ ആരോപിക്കുന്നു. തന്റെ നഗ്‌നത മറയ്ക്കാന്‍ പതിനഞ്ച് പുരുഷന്മാര്‍ സഹായത്തിന് ഉണ്ടായിരുന്നുവെന്ന് അമല പോള്‍ അഭിമുഖങ്ങളില്‍ പറയുന്നത്. പാഞ്ചാലിക്ക് സമാനമായിരുന്നു തന്റെ അവസ്ഥയെന്നും നടി പറഞ്ഞിരുന്നു. പാഞ്ചാലിയെക്കുറിച്ച് പറയാന്‍ അമലക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് പ്രിയ ചോദിക്കുന്നു.

സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഇത്തരം സിനിമകള്‍ കാരണമാകുമെന്നും പ്രിയ പറഞ്ഞു.