എന്താണ് എരിയ 51: രഹസ്യങ്ങളുടെ കലവറയായ പ്രദേശം റെയ്ഡ് ചെയ്യാന്‍ തയ്യറായി പൗരന്മാര്‍

ബര്‍മുഡാ ട്രയാങ്കിള്‍ പോലെ ലോകത്തിനു ഇനിയും ഉത്തരം കിട്ടാത്ത ഒരു പ്രദേശമാണ് ഏരിയ 51. അമേരിക്കയുടെ വളരെ തന്ത്രപ്രധാനമായ ഒരിടമാണ് ഇതെന്ന് കാലങ്ങളായി വിശ്വസിച്ചു പോരുന്നു. ഹോളിവുഡ് സിനിമകളിലും ഏറെ പറഞ്ഞു കേട്ട ഒന്നാണ് ഈ ഏരിയ 51. സത്യത്തില്‍ ഇങ്ങനെ ഒരിടം ഉണ്ടോ? അതോ ലോകം വെറുതെ പറഞ്ഞു ഫലിപ്പിച്ച ഒരു കള്ളമാണോ ഇത്? ചോദ്യങ്ങള്‍ അനേകമാണ്.

അമേരിക്കയിലെ നെവാഡയിലാണ് ഈ നിഗൂഢ പ്രദേശം. ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഈ പ്രദേശത്ത് എന്താണ് നടക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. അമേരിക്കന്‍ ഏയര്‍ഫോഴ്‌സിന്റെ എഡ്വാര്‍ഡ് എയര്‍ഫോഴ്സ് ബേസിന്റെ ഭാഗമാണ് ഈ സ്ഥലം. അമേരിക്കന്‍ സൈന്യത്തിന്റെ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ച് ഇതിന് അടുത്താണ്.

അമേരിക്ക ആധുനിക ആയുധങ്ങള്‍ വികസിപ്പിക്കുന്നത് എരിയ 51ലാണ് എന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു കഥ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി അമേരിക്കയുടെ ചരിത്രം ലോകം അറിയാതെ മറച്ചു വെച്ചിരിക്കുന്ന ഇടം എന്നും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നും കണ്ടെത്തിയ പറക്കുംതളികകളും അന്യഗ്രഹജീവികളും ഇവിടെയാണ് സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്നും വിശ്വസിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു തിയറി അടിസ്ഥാനമാക്കി 2012 ല്‍ നാഷ്ണല്‍ ജിയോഗ്രഫിക് ചാനല്‍ ഒരു ഡോക്യൂമെന്ററി പ്രക്ഷേപണം ചെയ്തു. ഇതില്‍ അമേരിക്കന്‍ പൗരന്മാരില്‍ 80 ദശലക്ഷം പേര്‍ എരിയ 51 എന്ന പ്രദേശം നിലവില്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നത് എന്ന് പറയുന്നു.

അതുപോലെ എരിയ അമേരിക്കന്‍ പ്രസിഡന്റിന്റെ എക്‌സ് ഫയലില്‍ പെടുന്ന കാര്യമാണെന്നാണ് ഒരു കൂട്ടരുടെ വാദം. ഒരു പ്രസിഡന്റ് പുതുതായി സ്ഥാനമേല്‍ക്കുമ്പോള്‍ അതീവ രഹസ്യമായി പഴയ പ്രസിഡന്റ് കൈമാറുന്ന രേഖകളാണ് എക്‌സ് ഫയല്‍സ് എന്ന് പറയുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്തും, ശീതയുദ്ധകാലത്തുമാണ് എരിയ 51 ഏറ്റവും ചര്‍ച്ചയായത്. എന്നാല്‍ ഇത് അമേരിക്കന്‍ സൈന്യത്തിന്റെ ഒരു തന്ത്രം മാത്രമാണ് എന്ന് വാദിക്കുന്നവരും ഏറൊണ്.

സംഗതികള്‍ ഇങ്ങനെ പോകുന്ന സമയത്താണ് ഇങ്ങനെ ഒരിടം ഉണ്ട് എങ്കില്‍ അത് കണ്ടു പിടിക്കണം എന്ന ആവശ്യവുമായി കുറച്ചു പേര്‍ രംഗത്തു വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കിലാണ് ഒരു ലക്ഷത്തോളം പേര്‍ എരിയ 51ലേക്ക് മാര്‍ച്ച് ചെയ്ത് ആ സ്ഥലം റെയ്ഡ് ചെയ്യും എന്ന് പോസ്റ്റ് വന്നിരിക്കുന്നത്.

ട്രോളായും, ഗൗരവമായും ഇത് വന്‍ വാര്‍ത്തയാകുകയാണ് അമേരിക്കയില്‍. വീണ്ടും എരിയ 51ന്റെ നിഡൂഢത ചര്‍ച്ചയാകുന്നതോടൊപ്പം ഈ ഈവന്റില്‍ ഇതുവരെ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിച്ചവരും, താല്‍പ്പര്യമുള്ളവരുടെയും എണ്ണം 28 ലക്ഷത്തോളമായി കഴിഞ്ഞു. അമേരിക്കക്കാര്‍ മാത്രമല്ല എല്ലാ രാജ്യക്കാരും ഇതില്‍ ഉണ്ടെന്നതാണ് രസകരം.

പലരും തമാശയായി ഇതിനെ കാണുന്നുണ്ടെങ്കില്‍ ഇതില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്തായാലും അവസാനം ഈ സംഭവത്തോട് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ .

അമേരിക്കന്‍ സൈന്യത്തിന്റെ പരിശീലന കേന്ദ്രമാണ് എരിയ 51, പത്ത് ലക്ഷത്തോളം പേര്‍ ഒന്നിച്ച് അതിന്റെ ഗേറ്റില്‍ വന്നാല്‍ സ്വാഗതം ചെയ്യുക ബുദ്ധിമുട്ടാണ്. അമേരിക്കന്‍ വ്യോമസേനയുടെ തുറന്ന പരിശീലന സ്ഥലമാണ് അത്, അമേരിക്കന്‍ സൈന്യം പരിശീലിക്കുന്ന മേഖലയിലേക്ക് വരുന്നതിന് ആരെയും ഞങ്ങള്‍ തടയില്ല. അമേരിക്കന്‍ സൈന്യം എന്നും അമേരിക്കയും സ്വത്തിനും സുരക്ഷയ്ക്കും കാവലുണ്ടാകും’ എന്നാണ് അമേരിക്കന്‍ സൈനിക വക്താവ് ലോറ മാക് ആന്‍ഡ്രൂസ് പറഞ്ഞത്.

എരിയ 51 തേടുന്നവര്‍ എന്ന പേരില്‍ ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയയിലും ചില ഗ്രൂപ്പുകള്‍ തന്നെയുണ്ട്. ഇവരാണ് പുതിയ ഈവന്റിന് പിന്നില്‍ എന്നാണ് സൂചന. സെപ്തംബര്‍ 20 വെള്ളിയാഴ്ച അമേരിക്കന്‍ സമയം വൈകീട്ട് മൂന്ന് മണിക്കും ആറുമണിക്കും ഇടയിലാണ് ഇവര്‍ പരിപാടി നിശ്ചയിച്ചിരിക്കുന്നത്.