രാജ്യത്തു ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കുറയുന്നു

രാജ്യത്ത് മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും ബ്രോഡ്ബാന്‍ഡ് സര്‍വീസിന്റെയും വേഗത ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഇന്റര്‍നെറ്റ് വേഗതയുമായി ബന്ധപ്പെട്ട ലോക റാങ്കിങ്ങില്‍ ഇന്ത്യ വളരെ താഴേക്ക് പോയി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തിലധികം സ്ഥാനങ്ങളാണ് ഇന്ത്യക്ക് നഷ്ടമായത്.

മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗതയില്‍ ജൂണിലെ ഇന്ത്യയുടെ സ്ഥാനം 126 ആയിരുന്നു. മെയ് മാസത്തില്‍ 123 ആയിരുന്ന ഇന്ത്യ 3സ്ഥാനം താഴ്ന്നാണ് 126ല്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യ 111ആം റാങ്കിലായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 15 സ്ഥാനത്തിന്റെ ഇടിവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.

ഫിക്സഡ് ബ്രോഡ്ബാന്‍സ് സേവനത്തിലും സ്ഥിതി വ്യത്യസ്തമല്ല. ബ്രോഡ്ബാന്‍ഡ് സേവനത്തിലെ വേഗതയില്‍ ജൂണിലെ ഇന്ത്യയുടെ സ്ഥാനം 74 ആയിരുന്നു. മെയില്‍ ഇത് 71 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 56 ആയിരുന്ന സ്ഥാനത്താണ് ഈ ഗണ്യമായ ഇടിവ്.

ഇക്കാലത്ത് മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും ബ്രോഡ്ബാന്‍ഡിന്റെയും വേഗത യഥാക്രമം 10.87 എംബിപിഎസും ഫിക്സ്ഡ് ബ്രോഡ്ബാന്‍ഡിന്റേത് 29.06 എംബിപിഎസുമായിരുന്നു. മെയില്‍ ഇത് യഥാക്രമം 11.02ഉം, 30.03 എംബിപിഎസുമായിരുന്നു.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇതില്‍ മാറ്റം കൊണ്ടുവരാന്‍ സേവനദാതാക്കള്‍ ശ്രമിക്കുന്നുമില്ല. അതുപോലെ ഇന്റെര്‍നെറ്റിന് വേണ്ടി ഈടാക്കുന്ന തുകയില്‍ പലരും വര്‍ധനവും കൊണ്ട് വരികയാണ്. പല രാജ്യങ്ങളും 5 ജിയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്ന സമയമാണ് ഇന്ത്യ ഈ രംഗത്തു പിന്നോക്കം പോകുന്നത്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മൊബൈല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ഇന്ത്യ.