പശുവിന്റെ പേരില്‍ വീണ്ടും മനുഷ്യക്കുരുതി ; ബീഹാറില്‍ മൂന്നു പേരെ തല്ലിക്കൊന്നു
പശുവിന്റെ പേരില്‍ കൊലപാതകം നടക്കുന്നത് രാജ്യത്തു സര്‍വ്വസാധാരണമായ ഒന്നായി മാറിക്കഴിഞ്ഞു ഇപ്പോള്‍. അതില്‍ അവസാനമായി പശുവിനെ കടത്തിയെന്നാരോപിച്ച് ബീഹാറിലെ ശരണിയില്‍ മൂന്നുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.
പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രദേശവാസികള്‍ ചേര്‍ന്ന് മൂന്നുപേരെ മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന മൂന്നുപേരും ഒരു പിക് അപ് വാനില്‍ എത്തിയപ്പോഴാണ് ഇവരെ പിടികൂടിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. അവരുടെ വാഹനത്തില്‍ ഒരു പശു ഉണ്ടായിരുന്നതായും അവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.