മുക്കാലില്‍കെട്ടിയടിക്കാന്‍ സാംസ്‌കാരിക നായകര്‍ മാത്രം മതിയോ?
കാരൂര്‍സോമന്‍
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സാമൂഹ്യ വിരുദ്ധരായ വിദ്യാര്‍ത്ഥികളുടെ ഗൂണ്ട വിളയാട്ടം അഡ്വ.ജയശങ്കര്‍ വിമര്‍ശിക്കുന്നതിനിടയില്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത നമ്മുടെ മധുരമലയാള ഭാഷയിലെ സാഹിത്യ-സാംസ്‌കാരിക നായകന്മാരെ മുക്കാലില്‍ കെട്ടിയടിക്കണമെന്ന തലയെടുപ്പുള്ള ഭാഷാപ്രയോഗം വഷളന്‍ ഭാഷയായി എഴുത്തുകാര്‍ കണ്ടാല്‍ കുറ്റപ്പെടുത്താനാകില്ല. സമൂഹത്തില്‍ തമസ്‌കരിക്കപ്പെടുന്ന, അനീതിക്ക് കൂട്ടുനില്‍ക്കുന്ന ധാരാളം യാഥാര്‍ഥ്യങ്ങളുണ്ട്. അതില്‍ ചിലതിലേക്കാണ് ഇദ്ദേഹം വിരല്‍ ചൂണ്ടുന്നത്. തെറ്റ് കണ്ടാല്‍ ചുണ്ടികാണിക്കേണ്ടത് പൗരബോധമുള്ളവരുടെ കടമയാണ്. മനുഷ്യഹൃദയരഹസ്യങ്ങളുടെ ചുരുളഴിക്കുന്നവര്‍ മാത്രമല്ല കലാ -സാഹിത്യപ്രതിഭകള്‍ അതിനൊപ്പം സമൂഹത്തില്‍ ചൂഴ്ന്നു നില്‍ക്കുന്ന അനീതികള്‍ക്കതിരെ പോരടിക്കുന്നവര്‍കുടിയാണ്. അധികാരിവര്‍ഗ്ഗത്തിന് മാനുഷികമുഖം നഷ്ടപ്പെടുമ്പോഴാണ് കലാസാഹിത്യ ലോകം രംഗപ്രേവേശം ചെയ്യുന്നത്. അത് ലോകമെങ്ങുമുള്ള അധികാരിവര്‍ഗ്ഗത്തിന് നീചകഥാപാത്രങ്ങളെ മാത്രമേ സംഭാവന ചെയ്തിട്ടുള്ളു. കാലത്തിനും വരും കാലദോഷംപോലെ രാമനെപ്പോലും രാവണനാക്കുന്ന കാലത്തിലേക്ക് നാം എത്തിയതിന്റ പ്രധാന കാരണം ഇന്നത്തെ വ്യവസ്ഥിതിയാണ്. ഇത് സ്വകാര്യസ്വത്തുടമകളെ സൃഷ്ഠിക്കമാത്രമല്ല സമൂഹത്തില്‍ കൊള്ള, കൊല, അഴിമതി, അനീതി, ഇരട്ടത്താപ്പ്, ദുരൂഹതയെല്ലാം അഴിഞ്ഞാടുന്നു. അധികാരം ചിലര്‍ക്ക് സ്ത്രീധനം കിട്ടിയ മണിയറകളാണ്. മരണംവരെ ആ മണിയറയില്‍ തപസ്സിരിക്കുന്നവര്‍. സംസ്‌കാരിക നായകര്‍ ആരുടെമുതലും തട്ടിപ്പറിക്കുന്നില്ല. അവരെന്നും നന്മയുടെ പക്ഷത്താണ്. അങ്ങനെയെങ്കില്‍ ആദ്യം മുക്കാലില്‍ കെട്ടിയടിക്കേണ്ടത് ആരെയാണ്? ഓരോ ഭരണത്തിലും ജനം നെഞ്ചുരുകിയാണ് ജീവിക്കുന്നത്. കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നതിനേക്കാള്‍ നല്ലത് ഈ പഴഞ്ചന്‍ വ്യവസ്ഥിതി വലിച്ചെറിയന്‍ പുറത്തുവരു. പുരോഗതിയുടെ പാത അതുമാത്രമാണ്. ഇല്ലെങ്കില്‍ അധോഗതി. ഇന്നും നമ്മള്‍ കതിരില്‍ കൊണ്ടുപോയി വളം വെക്കുന്നവരല്ലേ?
രാജഭരണകാലങ്ങളില്‍ എഴുത്തുകാര്‍ ജയിലും, പീഡനങ്ങളും, നാടുകടത്തലും, പരിഹാസങ്ങളും ധാരാളമായി അനുഭവിച്ചവരാണ്. പൊന്‍കുന്നം വര്‍ക്കി, മുഹമ്മദ് ബഷിര്‍ ജയില്‍വാസം അനുഭവിച്ചവരാണ്. റഷ്യയുടെ ജീവനും ശക്തിയും വിപ്ലവ നേതാവും എഴുത്തുകാരനുമായിരുന്ന ലെനിന്‍ വിശ്വസാഹിത്യകാരനായ ടോള്‍സ്റ്റോയിയെ വിളിച്ചത് റഷ്യന്‍ വിപ്ലവത്തിന്റ കണ്ണാടിയെന്നാണ്. അദ്ദേഹത്തെ എഴുത്തുകാരന്‍, വിപ്ലവകാരിയെന്ന് വിളിക്കുന്നത് ആ പ്രതിഭയുടെ മഹത്വം ലോകം കണ്ടതുകൊണ്ടാണ്. സര്‍ ചക്രവര്‍ത്തിമാരില്‍നിന്നുള്ള മോചനത്തിനായി നിരന്തരമെഴുതി ഒരു ജനതയെ സ്വതന്ത്രനാക്കിയ മഹാന്‍. അധികാരവും, സമ്പത്തും കണ്ടല്ല അദ്ദേഹം എഴുത്തുകാരനായത്. കേരളത്തിലും ലോകമെങ്ങുമുള്ള സര്‍ഗ്ഗപ്രതിഭകള്‍ സാമുഹ്യ-ബൂര്‍ഷ്വ-പൗരോഹിത്യ ഏകാധിപതികളെ തകര്‍ത്തവരാണ്. അത് പൂത്തുലഞ്ഞു പൂമണം പരത്തുന്നത് വികസിത രാജ്യങ്ങളിലാണ്. ദരിദ്ര രാജ്യങ്ങളില്‍ പ്രതിഭാശാലികളായ എഴുത്തുകരില്ലാത്തതിനാല്‍ ആ രാജ്യങ്ങളൊക്കെ ഇന്നും മുരടിച്ചു നില്‍ക്കുന്നു. . നമ്മുടെ ഭാഷക്ക് കാലകാലങ്ങളിലായി പ്രതിഭാശാലികള്‍ നല്‍കിയ പ്രൗഢവും സമഗ്രവുമായ സംഭാവനകളെ വിലയിരുത്തുമ്പോള്‍ കേരളത്തിലെ പ്രതിഭകളില്‍ രാഷ്ട്രിയംപോലെ എന്തോ നിഗുഢമായി ഒളിഞ്ഞിരിപ്പുണ്ടോ?
ഇന്ത്യക്ക് സ്വാതന്ത്ര്യ0 കിട്ടുന്നതിന് മുന്‍പ് ജന്മി-കുടിയാന്‍ വ്യവസ്ഥിതിയായിരിന്നു. സ്വന്തം വീട്ടില്‍ കുടിയാന്‍ വളമിട്ട് വെള്ളം നനച്ചു് വാഴ നടും. അത് കുലച്ചു വിളഞ്ഞു നിന്നാല്‍ ജന്മിയത് വെട്ടികൊണ്ടു പോകും. അത് കണ്ടിട്ടാണ് ചങ്ങമ്പുഴ ‘വാഴക്കുല’ എന്ന കവിതയെഴുതിയത്. അതിനാല്‍ ജന്മിമാരുടെ ശത്രുതക്ക് പത്രമായി. ഇടതുപക്ഷ ചിന്തയുള്ള പട്ടത്തുവിള കരുണാകരന്‍ ‘മുനി’ എന്ന കഥ ഇടതുപക്ഷത്തെയല്ല മറിച്ചു് ഇടതുപക്ഷ തീവ്രവാദത്തെയാണ് എതിര്‍ത്തെഴുതിയത്. റഷ്യയിലെ സര്‍ ചക്രവര്‍ത്തി ഭരണത്തില്‍ വിദ്യാര്‍ത്ഥി പ്രകടനത്തിന് നേരെ പോലീസ് വെടിവെച്ച് ധാരാളം കുട്ടികളെ രക്തപ്പുഴയില്‍ മുക്കിക്കൊന്നപ്പോള്‍ മാക്‌സിം ഗോര്‍ക്കി ‘തുഫാനി പിതറെല്‍ കാ ഗീത്’ എന്ന ഗാനം രചിച്ചത്. നമ്മുടെ വയലാര്‍ വിപ്ലവഗാനങ്ങള്‍ പോലെ റഷ്യയില്‍ അതൊരു തീപ്പൊരി ഗാനമായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ്കാരനായ മാക്‌സിം ഗോര്‍ക്കി തന്നെ പറയുന്നു. എന്റെ എഴുത്തിനുള്ള ഊര്‍ജ്ജം എന്റെ ചുറ്റിനുമുള്ള മനുഷ്യന്റ നീറുന്ന വിഷയങ്ങളാണ്. നമ്മുടെ കുറെ എഴുത്തുകാര്‍ക്ക് അധികാരത്തിലിരിക്കുന്നവരോട് മാത്രം അനുസരണയും വിനയവും അനുരാഗവും പ്രണയവുമാണ്. പ്രണയിക്കുന്നവരില്‍പോലും ഇണക്കവും പിണക്കവും കാണാറുണ്ട്. ഈ വിരസതയാണ് മുറിവേറ്റ മനസ്സുകളെ വേദനിപ്പിക്കുന്നത്. ഈ കാലത്തിന്റ വിഷനിശ്വാസങ്ങളെ കണ്ടുകൊണ്ടിരിക്കുന്ന നമ്മുടെ എഴുത്തുകാര്‍ക്ക് യാതൊരുവിധ മനോവേദനയുമില്ലേ? പ്രസ്താവനകള്‍ നടത്തിയില്ലെങ്കിലും എഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധമുണ്ടാക്കാന്‍ സര്‍ഗ്ഗപ്രതിഭകള്‍ക്കും പുരോഗമനസാഹിത്യ പ്രസ്ഥാനങ്ങള്‍ക്കും സാധിക്കുന്നുണ്ടോ?
മലയാളത്തില്‍ ഞാനൊരു ‘കമ്മ്യൂണിസ്റ്റ് മഹാകവി’ എന്നെഴുതികൊണ്ടാണ് ചെറുകാട് സാഹിത്യലോകത്തു കടന്നുവരുന്നത്. പാര്‍ട്ടിയുടെ തെറ്റായ നയങ്ങളെ, സമീപനങ്ങളെ അദ്ദേഹം എതിര്‍ത്തുകൊണ്ടിരുന്നു. അന്നത്തെ സാമൂഹ്യ രാഷ്ട്രീയം എഴുത്തുകാരുടെ വാക്കുകളെ നെഞ്ചോട് ചേര്‍ത്തുവെച്ചവരാണ്. അധികാരത്തിലിരുന്നുകൊണ്ടല്ല അദ്ദേഹം കവിയും, കഥാകൃത്തും, നോവലിസ്റ്റുമായത്. ഇന്ന് അധികാരത്തിലിരുന്നുകൊണ്ട് എന്ത് ചപ്പും ചവറും എഴുതികൊടുത്താലും അത് പ്രസിദ്ധികരിക്കാന്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന പ്രമുഖരായ പ്രസാധകര്‍, മാധ്യമങ്ങളുണ്ട്. പുരസ്‌കാരങ്ങളും അതില്‍പ്പെടും. ഇത്തരത്തിലുള്ളവര്‍ സാഹിത്യത്തില്‍ അരാജകത്വം മാത്രമല്ല നടപ്പാക്കുന്നത് ഒരു ജീര്‍ണ്ണിച്ച സംസ്‌കാരം കൂടിയാണ്. അധികാരത്തിന്റ തണലില്‍ ഇരുന്നുകൊണ്ട് ഭാഷയെ വരിഞ്ഞുകെട്ടുന്നു. ഭാഷയുടെ തോളിലിരുന്ന് ചെവിതിന്നുന്നു. അത് ഈ രംഗത്തുള്ള പലര്‍ക്കുമറിയാം. അവര്‍ ശബ്ദിക്കില്ല. ഭയമാണ്. കിട്ടാനിരിക്കുന്ന പദവികള്‍, പുരസ്‌കാരങ്ങള്‍ ഈ ആള്‍ദൈവങ്ങള്‍ ശപിച്ചുകളയുമോയെന്ന ഭീതിയവരെ ഭരിക്കുന്നു. മുന്‍പ് അധികാര -സവര്‍ണ്ണ-അവര്‍ണ്ണ സംസ്‌കാരം കണ്ടുവെങ്കില്‍ ഇന്നത് സാഹിത്യലോകത്തു നടക്കുന്നത് പുറംലോകമറിയുന്നില്ല. സാഹിത്യസൃഷ്ടിക്ക് വിപുലമായ ഒരു മാനമുണ്ട്. അത് രചനാപരിശീലനമാണ്. ഒരു സര്‍ഗ്ഗസൃഷ്ടി സൗന്ദര്യപൂര്‍ണ്ണമാകണമെങ്കില്‍ ധാരാളം വായിക്കണം, എഴുതണം. ജ്ഞാനമുള്ളവനാകണം. അധികാരത്തിലിരിക്കുന്നവര്‍ക്ക് ഇത് രണ്ടും സാധ്യമല്ല. എന്തുകൊണ്ടെന്നുചോദിച്ചാല്‍ സമയമില്ല. അങ്ങനെയെങ്കില്‍ ഇവര്‍ നടത്തുന്ന ഈ അഭ്യാസം എന്താണ്?
സാമൂഹ്യ സാംസ്‌കാരിക പുരോഗതിക്കാവശ്യമായ ജീവിതദര്‍ശനം നല്‍കേണ്ട പവിത്ര സ്ഥാപനങ്ങളെ കോളേജുകളെപോലെ രാഷ്ട്രീയവത്കരിച്ചിരിക്കുന്നു. എങ്ങും നീതിനിഷേധങ്ങള്‍. ഭാഷ ഇന്‍സ്റ്റിട്യൂട്ട് മുതല്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ ഏത് സ്ഥാപനത്തിന്റയും കപ്പിത്താന്‍ അതിലെ പരിചാരകര്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഓശാന പാടുന്നവരാണ്. മുഖം രക്ഷിക്കാന്‍ തുലോം ചുരുക്കമാണ് സാഹിത്യവുമായി ബന്ധമുള്ളവര്‍. മുന്‍പ് ജയില്‍വാസവും പീഡനങ്ങളുമായിരുന്നെങ്കില്‍ ഇന്നത്തെ ഒരുപറ്റം സര്‍ഗ്ഗപ്രതിഭകള്‍ നേരിടുന്നത് പീഡനങ്ങളും വെല്ലുവിളികളുമാണ്. പാര്‍ട്ടി മെമ്പര്‍ അല്ലെങ്കില്‍ അനുഭാവിയല്ലെങ്കില്‍ അവരെ ബോധപൂര്‍വ്വം ഒഴുവാക്കുന്നു, അവരുടെ പുസ്തകങ്ങള്‍ പ്രസിദ്ധികരിക്കാതെ വര്ഷങ്ങളായി കെട്ടിയിടുന്നു, പാര്‍ട്ടി അനുഭാവിയെങ്കില്‍ പുസ്തകങ്ങള്‍ പെട്ടെന്ന് പ്രസിദ്ധികരിക്കും, തെറ്റുകുറ്റങ്ങള്‍ ചോദ്യം ചെയ്താല്‍ സൈബര്‍ ഗുണ്ടകളെയടക്കമിറക്കി അപമാനിക്കുക, ഭയപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ നമ്മുടെ ഭാഷയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യ വിപത്താണ്. ഇതെല്ലാം നടക്കുന്നത് പ്രതിഭാശാലികളായ ഒരുപറ്റം എഴുത്തുകാരെ പാര്‍ട്ടിയുടെ മതില്‍ട്ടിനുള്ളില്‍ പാര്‍പ്പിച്ചുകൊണ്ടാണ്. അവര്‍ ആഗ്രഹിക്കുന്നതിനപ്പുറം പ്രതിഫലങ്ങള്‍ കാലാകാലങ്ങളിലായി അവര്‍ക്ക് ലഭിക്കുന്നുണ്ട്. എഴുത്തുകാര്‍ ഭാഷയേക്കാള്‍ പാര്‍ട്ടികളുടെ അവിഭാജ്യഘടകമായി മാറിയതിനാല്‍ സാമഹ്യപ്രശ്‌നങ്ങളൊന്നും അവരെ ബാധിക്കുന്നില്ല. ഭാഷക്ക് നല്‍കുന്ന സംഭാവനകളും വിഷയമാകുന്നില്ല. അധികാരകേന്ദ്രങ്ങളില്‍ അവരെ പാലൂട്ടി ശിരസ്സില്‍ തലോടി വളര്‍ത്തുന്ന തലതൊട്ടപ്പന്മാരുള്ളപ്പോള്‍ ഒരു ഭാഷയുടെ സാംസ്‌കാരിക -മൂല്യത്തകര്‍ച്ചയെ അവര്‍ ഗൗരവമായി എടുക്കുന്നില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലടിക്കുന്നതുപോലെയാണ് എഴുത്തുകാരെ പരസ്പരം തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍. ഈ സവര്‍ണ്ണ അധികാര മേധാവിത്വത്തിനെതിരെ നമ്മുടെ മണ്മറഞ്ഞ സര്‍ഗ്ഗപ്രതിഭകളുയര്‍ത്തിയ തൂലിക ഇന്നുള്ളവര്‍ക്കയര്‍ത്താന്‍ ധൈര്യമുണ്ടോ?
കയ്യാലപ്പുറത്തെ തേങ്ങപോലെ അങ്ങോട്ടുമിങ്ങോട്ടുമുരുളുന്ന എഴുത്തുകാര്‍ സാംസ്‌കാരികാന്ധതയില്‍ കുരുങ്ങിക്കിടക്കുന്നത് വിഷയദാരിദ്യമൊന്നുമല്ല അതിനേക്കാള്‍ മോഹങ്ങളുടെ കൊടുംകാറ്റിലവര്‍ ആടിയുലയുന്നതുകൊണ്ടാണ്. പാര്‍ട്ടിയോടുള്ള കുറും വിശ്വസ്തതയുമാണ് പ്രധാനം. സര്‍ക്കാരിന്റ വിവേചനാധികാരത്തില്‍ പദവികളും പുരസ്‌കാരങ്ങളും മാത്രമല്ല അവരുടെ കൃതികള്‍ പാഠപുസ്തങ്ങളില്‍ തുന്നിച്ചേര്‍ക്കപ്പെടും, വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടും, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വിദേശ യാത്രകള്‍ നടത്താം. മനുഷ്യന്റ ക്ഷണികമായ മോഹങ്ങള്‍ക്ക് വേണ്ടി കലാസാഹിത്യത്തില്‍ കൃത്രിമത്വം നടത്തുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. അതില്‍ ആനന്ദം പങ്കിടുമ്പോള്‍ ഈ ആനുകൂല്യങ്ങള്‍ വാങ്ങിയിട്ടുള്ളവരും വാങ്ങാനിരിക്കുന്നവരും വായ് മുടികെട്ടാനല്ലാതെ എന്ത് ചെയ്യാനാണ്. ആധുനിക സാഹിത്യത്തില്‍ പിറവിയെടുത്ത സത്യങ്ങള്‍ എഴുതാനോ ചര്‍ച്ചാവേദികളില്‍ പ്രതിപാദിക്കാനോ ഈ ആദര്‍ശധീരന്മാരൊന്നും മുന്നോട്ട് വരില്ല. ഈ പറയുന്നവ ഇന്ന് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന എഴുത്തുകാരെക്കുറിച്ചോ ചുരുക്കം ചില ഭാഗ്യശാലികളായ യൂവയെഴുത്തുകാരെകുറിച്ചോ അല്ല. അത് ഓരോരുത്തുരുടെ രാഷ്ട്രീയമറിമായത്തില്‍ കാണാം. കാലങ്ങള്‍ തമ്മിലുള്ള നന്മതിന്മകളുടെ പോരാട്ടമാണ് സാഹിത്യസൃഷ്ടികള്‍ക്ക് നിദാനം. ഭാഷക്ക് കരുത്തും സൗന്ദര്യവും നല്‍കേണ്ടവര്‍ പാര്‍ട്ടികള്‍ നോക്കി സാഹിത്യത്തമ്പുരാക്കന്മാരെ വളര്‍ത്തുന്നത് വളര്‍ന്നുവരുന്ന സാഹിത്യപ്രതിഭകള്‍ക്ക് എന്ത് ഊര്‍ജ്ജമാണ് നല്‍കുന്നത്? എങ്ങും പൊയ്മുഖങ്ങള്‍. ഈ കുരുക്ഷേത്ര യുദ്ധഭൂമിയില്‍ അര്‍ജ്ജുന സിംഹമാകാന്‍ ആരെങ്കിലും വരുമോ?