കനത്തമഴയില്‍ കാസര്‍കോട്ട് പുഴ ഗതി മാറിയൊഴുകുന്നു , ഒരു മരണം

വടക്കന്‍ കേരളത്തില്‍ മഴ ശക്തമായതോടെ ജനജീവിതം ദുസ്സഹമായി. താഴ്ന്ന ഇടങ്ങള്‍ എല്ലാം വെള്ളത്തിലായി കഴിഞ്ഞു. കനത്ത മഴയില്‍ കാസര്‍ഗോഡ് കുമ്പളയില്‍ പാലം തകര്‍ന്നു. ബംബ്രാണ കൊടിയമ്മ തോടിന് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. കുമ്പളയില്‍ നിന്നും കൊടിയമ്മയിലേക്കുള്ള റോഡാണിത്. കാസര്‍ഗോഡ് കരിന്തളം വില്ലേജില്‍ പെരിയങ്ങാനം ചാമുണ്ഡിക്കാവിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചെറു ഉരുള്‍പൊട്ടല്‍. കാര്യമായ നാശനഷ്ടങ്ങളില്ല.

അതുപോലെ പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ പമ്പ നദിയിലും കക്കാട്ട് ആറിലും ജലനിരപ്പ് ഉയരാന്‍ സാധ്യത. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷമായി. ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആറാട്ടുപുഴയിലും കാട്ടൂരുമാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. രണ്ടിടത്തുമായി 25 കുടുംബങ്ങളിലെ 99 പേരാണുള്ളത്. ആറാട്ടുപുഴ ജി.പി.എല്‍.പി.സ്‌കൂളില്‍ 10 കുടുംബങ്ങളിലെ 43 പേരുണ്ട്. കാട്ടൂര്‍ ലൊയോള ഹാളില്‍ 15 കുടുംബങ്ങളിലെ 56 പേരുണ്ട്.