മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു

മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. അതുപോലെ കേരളാ ഗവര്‍ണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്. ഡല്‍ഹി പിസിസി അധ്യക്ഷയായി തുടരുകയായിരുന്നു അവര്‍.

ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഡെല്‍ഹിയിലെ ഗോല്‍ മാര്‍ക്കറ്റ് മണ്ഡലത്തില്‍ നിന്നാണ് ഷീല എംഎല്‍എ ആയി വിജയിച്ചത്.

2014 മാര്‍ച്ച് 11നാണ് കേരള ഗവര്‍ണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തത്. 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം യുപ.എ. സര്‍ക്കാര്‍ നിയമിച്ച പന്ത്രണ്ടോളം ഗവര്‍ണര്‍മാരെ നീക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2014 ആഗസ്റ്റ് 26-ാം തീയതി അവര്‍ രാജിവെച്ചു. അഞ്ചു മാസമാണ് അവര്‍ കേരള ഗവര്‍ണറായിരുന്നത്. ഇക്കാലയളവില്‍ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് അവസരം കിട്ടിയിരുന്നില്ല.

എം ജി. സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഡോ എ വി ജോര്‍ജിനെ പിരിച്ചുവിട്ടത് ഷീല ദിക്ഷിത് ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ എടുത്ത നിര്‍ണായക തീരുമാനമായിരുന്നു. ഇന്ത്യയില്‍ ആദ്യമായായിരുന്നു ഒരു വി സിയെ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ പിരിച്ചുവിടുന്നത്. ദില്ലിയുടെ മരുമകള്‍’ എന്ന് കൂടി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഷീലാ ദീക്ഷിത്. 15 വര്‍ഷം ദില്ലിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഷീലാ ദീക്ഷിതിന് അടി തെറ്റിയത് ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍ മാത്രമാണ്.