ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമം ; യുവാവ് ഗുരുതരാവസ്ഥയില്‍

നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് വാഗണിന് മുകളില്‍ക്കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍.

സെല്‍ഫി എടുക്കാന്‍ വേണ്ടി ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ വടക്കാഞ്ചേരി സ്വദേശി ആദര്‍ശിനാണ് ഷോക്കേറ്റ് ഗുരുതരമായ പരിക്ക് ഉണ്ടായത്. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്‌സ് യാഡിലില്‍ വെള്ളിയാഴ്ച വൈകിട്ട് 3.10 ഓടെയായിരുന്നു സംഭവം നടന്നത്.

സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനില്‍നിന്നും വിദ്യാര്‍ത്ഥിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് വാഗണിന് മുകളില്‍നിന്ന് തെറിച്ച ആദര്‍ശ് യാഡ് പ്‌ളാറ്റ്‌ഫോമിന്റെ സിമന്റ് തറയിലേക്ക് തലയടിച്ചു വീഴുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ആദര്‍ശിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്ക് സാരമായ പരിക്കേറ്റതിനുപുറമേ നെഞ്ചിലും ഇടതുകാലിലും പരിക്കുണ്ട്.

പാമ്പാടി സ്വകാര്യകോളേജിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശ് സുഹൃത്ത് ജെബ്രിനൊപ്പം സ്‌കൂട്ടറിലാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഇരുവരും ഗുഡ്‌സ് ഷെഡ്ഡിന് സമീപം എത്തിയ ശേഷം 11 മത്തെ നമ്പര്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് വാഗണിനു മുകളില്‍ ആദര്‍ശ് വലിഞ്ഞു കയറുകയായിരുന്നു.

ട്രെയിനിനു മുകളില്‍ നിന്ന് മൊബൈലില്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന് വൈദ്യുതിനല്‍കുന്ന ഹൈടെന്‍ഷന്‍ ലൈനില്‍ത്തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് ആര്‍പിഎഫ് അധികൃതര്‍ പറയുന്നത്.

ഓടിയെത്തിയ ആര്‍പിഎഫ് അംഗങ്ങള്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം ആദര്‍ശിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. റെയില്‍വേ ഗുഡ്‌സ് യാഡില്‍ അതിക്രമിച്ചുകടന്നതിന് വിദ്യാര്‍ഥിക്കും സുഹൃത്തിനുമെതിരേ നിയമനടപടി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ ലോകത്ത് സെല്‍ഫി അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനമാണ്.