സോന്‍ഭദ്ര പ്രതിഷേധം അവസാനിപ്പിച്ചു പ്രിയങ്ക ഗാന്ധി ഡല്‍ഹിക്ക് മടങ്ങും
സോന്‍ഭദ്രയിലെ പ്രതിഷേധം പ്രിയങ്ക ഗാന്ധി അവസാനിപ്പിച്ചു. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കാണാനെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ചത്. സോന്‍ഭദ്രയിലേക്കുള്ള യാത്ര പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് പ്രിയങ്ക ധര്‍ണയിരുന്ന് പ്രതിഷേധിച്ചത്. പ്രിയങ്കയുടെ പ്രതിഷേധം 24 മണിക്കൂര്‍ നീണ്ടു.
അതേസമയം, തന്നെ സന്ദര്‍ശിക്കാനെത്തിയവരെ പൊലീസ് തടഞ്ഞത് പ്രിയങ്കയെ ചൊടിപ്പിച്ചു.കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ കുറച്ച് പേരെ മാത്രമാണ് തന്നെ കാണാന്‍ അനുവദിച്ചതെന്നും ബാക്കിയുള്ളവരെ കാണാന്‍ അനുവദിച്ചിട്ടില്ലെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. പ്രിയങ്കയുടെ കുത്തിയിരിപ്പ് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അധികൃതര്‍ വഴങ്ങുകയും സോന്‍ഭദ്രയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ അവസരം നല്‍കുകയായിരുന്നു.
എന്നാല്‍ മിര്‍സാപ്പൂരിലെ പ്രതിഷേധ സ്ഥലത്തേക്ക് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ എത്തിയെങ്കിലും മുഴുവന്‍ ആളുകളെയും കാണാന്‍ പൊലീസ് അനുവദിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ പ്രിയങ്കയെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രിയങ്കയെ പിന്തിരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും നിലപാടില്‍ നിന്നും പിന്മാറാന്‍ അവര്‍ തയ്യാറായില്ല. സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാതെ തിരിച്ചുപോകില്ലെന്ന് പ്രിയങ്ക ഗാന്ധി നിലപാടെടുത്തു.
50,000 രൂപയുടെ ജാമ്യത്തില്‍ മോചിപ്പിക്കാമെന്ന പൊലീസ് നിര്‍ദേശവും പ്രിയങ്ക തള്ളിയിരുന്നു. അതിനിടെ സോന്‍ഭദ്ര സന്ദര്‍ശിക്കാനുള്ള തൃണമുല്‍ കോണ്‍ഗ്രസ് സംഘത്തിന്റെ ശ്രമവും പൊലീസ് തടഞ്ഞു. ഡെറിക്ള്‍ ഒബ്രിയാന്റെ നേത്യത്വത്തിലാണ് ത്യണമൂല്‍ സംഘം സോന്‍ഭഭ്രയിലെക്ക് പുറപ്പെട്ടത്.
സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെയുള്ള 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയായിരുന്ന വെടിവച്ചു കൊന്നത്. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരെ വാരാണസി ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ പ്രിയങ്ക സോന്‍ഭദ്രക്ക് തിരിച്ചത്.
എന്നാല്‍ താനുള്‍പ്പടെ നാലുപേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനല്‍കിയെങ്കിലും പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രിയങ്ക റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇതോടെ സോന്‍ഭദ്രക്ക് പിന്നാലെ മിര്‍സാപ്പൂരിലും നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.