ചന്ദ്രയാന്‍ 2 കൗണ്ട് ഡൗണ്‍ തുടങ്ങി , വിക്ഷേപണം നാളെ
രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാന്‍-2 വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ച ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങി. ഞായറാഴ്ച വൈകീട്ട് 6.43 നാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ ഇന്നലെ രാത്രി പൂര്‍ത്തിയായിരുന്നു.
ഇതിന് പിന്നാലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഒരു തവണ കൂടി ഉറപ്പാക്കിയ ശേഷമാണ് ഇന്ന് വൈകിട്ട് 6.43-ന് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. ഇനി നെഞ്ചിടിപ്പോടെ കാത്തിരിക്കാം. കൗണ്ട് ഡൗണ്‍ തുടങ്ങി കൃത്യം 20 മണിക്കൂറിന് ശേഷം, ചന്ദ്രയാന്‍ – 2 ആകാശത്തേക്ക് കുതിച്ചുയരും.
ജിഎസ്എല്‍വി മാര്‍ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആണ് തുടങ്ങിയത്. കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ദ്രവ ഇന്ധനം നിറക്കേണ്ട എല്‍ 110-ലും ഖര ഇന്ധനം വേണ്ട സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്.
ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്‌സിജനുമാണ് ഈ ഘട്ടത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15-ന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. എന്നാല്‍ പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയില്‍ എത്തിച്ചിരിക്കുന്നത്.