ചന്ദ്രയാന്‍ 2 ഭ്രമണ പഥത്തില്‍ ; ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി ഇന്ത്യ
ആശങ്കകള്‍ക്ക് വിരാമമിട്ടു രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം ആദ്യഘട്ടം വിജയകരം. ചന്ദ്രയാന്‍ 2 വഹിച്ചുകൊണ്ടുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഉച്ചയ്ക്ക് 2.43 നാണ് ചരിത്രദൗത്യവുമായി ചന്ദ്രയാന്‍ 2 ആകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലൂടെയാണെന്നും എല്ലാം സുഗമമായി മുന്നോട്ടു പോകുന്നതായും വിക്ഷേപണത്തിന് ശേഷം ഐഎസ്ആര്‍ഒ അറിയിച്ചു.
സാങ്കേതിക പ്രശ്‌നങ്ങളെല്ലാം കഠിന പ്രയത്‌നത്തിലൂടെ പരിഹരിച്ച ശാസ്ത്രജ്ഞര്‍ക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ അഭിനന്ദനമറിയിച്ചു. പ്രതീക്ഷച്ചതിലും മികച്ച പ്രകടനമാണ് ഇന്ന് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ കാഴ്ച വച്ചതെന്നും അദ്ദേഹം അറിയിച്ചു. മുന്‍ നിശ്ചയിച്ചതിലും ഒരാഴ്ച വിക്ഷേപണം വൈകിയെങ്കിലും പ്രതീക്ഷിച്ചതിലും മികച്ച ഭ്രമണപഥത്തിലാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ എം 1 ചന്ദ്രയാന്‍ രണ്ടിനെ എത്തിച്ചതെന്നാണ് ഡോ കെ ശിവന്‍ പറഞ്ഞത്. ഇനി നടക്കാനിരിക്കുന്ന ഭ്രമണപഥ വികസനത്തിന് ഉള്‍പ്പെടെ ഇത് അനുകൂല ഘടകമാകും. ഇന്നത്തെ വിക്ഷേപണ വിജയത്തിലൂടെ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ വിശ്വസ്തതയും കൂടുകയാണ്.
നേരത്തെ ജൂലായ് 15 ന് പുലര്‍ച്ചെ 2.50 ന് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റി വെയ്ക്കുകയായിരുന്നു. ഈ തകരാര്‍ പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തിന് സജ്ജമാക്കിയത്.