മുംബൈയില്‍ എംടിഎന്‍എല്‍ കെട്ടിടത്തിലെ തീ പിടുത്തം

മുംബൈ ബാന്ദ്രയിലെ എംടിഎന്‍എല്ലിന്റെ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ നൂറ് പേരോളം കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അഗ്‌നിശമന സേനയുടെ 20 വാഹനങ്ങള്‍ സ്ഥലത്തെത്തി, രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

അകത്ത് കുടുങ്ങിയ 60 പേരെ രക്ഷപ്പെടുത്തി എന്നും വാര്‍ത്തകള്‍ ഉണ്ട്. എംടിഎന്‍എല്‍ ജീവനക്കാരടക്കം മുപ്പതിലധികം ആളുകള്‍ ഇനിയും കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

എംടിഎന്‍എല്‍ ടെലിഫോണ്‍സിന്റെ ബഹുനില കെട്ടിടത്തിലാണ് വന്‍ തീപിടുത്തം ഉണ്ടായത്. 3 മണിയോടു കൂടി മൂന്നും നാലും നിലകളില്‍ തീ പടരുകയായിരുന്നു. കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടുത്തതില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. രക്ഷപ്പെട്ടവരില്‍ ചിലര്‍ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകുന്നേരം ഏകദേശം 3.11 ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല എങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് അനുമാനം.