ചെറിയ മഴയില്‍ പോലും വെള്ളക്കെട്ടില്‍ മുങ്ങി കൊച്ചി നഗരം

ചെറിയ മഴയില്‍ പോലും കൊച്ചി നഗരത്തില്‍ ഉണ്ടാകുന്ന വെളളക്കെട്ട് പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍. അശാസ്ത്രീയമായി ഓവുചാല്‍ നിര്‍മ്മിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു. എംജി റോഡിലെ ജോസ് ജംഗ്ഷനിലടക്കം അടുത്തയിടെ മഴ പെയ്തപ്പോള്‍ വെളളക്കെട്ടുണ്ടായി.

ഇവിടുത്തെ ഓവുചലകളിലൂടെ വെള്ളം ഒഴുകി പോവാത്താതാണ് ഇതിന് കാരണം. വ്യാപാരികളും ടാക്‌സിക്കാരും അടക്കം പ്രതിഷേധവുമായി എത്തിയതോടെയാണ് മേയര്‍ തന്നെ പരിശോധനയ്ക്കിറങ്ങിയത്. പല സ്വകാര്യ സ്ഥാപനങ്ങളുടെയും ഓവുചാലുകളുടെ നിര്‍മ്മാണത്തിലെ അപകാതയാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്നാണ് മേയര്‍ പറയുന്നത്.

കെഎസ്ഇബിയുടെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെയും കേബിളുകള്‍ ഓവുചാലിനടിയിലൂടെ കടന്ന് പോകുന്നുണ്ട്. ഇത് മാല്യന്യം ഓടകളില്‍ തങ്ങി നില്‍ക്കാന്‍ ഇടയാക്കുന്നു. മെട്രോ കടന്നുപോകുന്ന മേഖലകളിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാന്‍ കെഎംആര്‍എല്ലിന്റെയും ഡിഎംആര്‍സിയുടെയും മേല്‍നോട്ടം ഉണ്ടാകണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

മഴക്കാലമായതോടെ നഗരത്തിലെ പല റോഡുകളും തകര്‍ന്ന നിലയിലാണ്. സമയത്തു വൃത്തിയാക്കാത്തത് കാരണം മാലിന്യം അടിഞ്ഞു കൂടിയ നിലയിലാണ് പല ഓടകളും.