സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം ; ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എക്ക് പരിക്ക്
വൈപ്പിന്‍ ഗവ.കോളേജിലെ എസ്എഫ്ഐ അക്രമത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച സിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് പരിക്കേറ്റു.സിപിഐ ജില്ലാ നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.പുറത്ത് പരിക്കേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി വൈപ്പിന്‍ ഗവ.കോളേജില്‍ കഴിഞ്ഞയാഴ്ചയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ രണ്ട് എഐഎസ്എഫ് യൂണിറ്റ് ഭാരവാഹികള്‍ക്ക് മര്‍ദനമേറ്റിരുന്നു. എഐഎസ്എഫ് യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ തടയുകയും ചെയ്തിരുന്നു.
അതേസമയം പൊലീസിനെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവും സംസ്ഥാനത്തില്ലെന്നും നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ പൊലീസ് നടക്കുകയാണെന്നും എംഎല്‍എ എല്‍ദോ എബ്രഹാം പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസിന് കഴിയുന്നില്ല. സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങള്‍ക്കെതിരെ തെറ്റു തിരുത്തല്‍ ശക്തിയായി സിപിഐ മാറുമെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.