മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി ; പാര്‍ട്ടി വിടാന്‍ തയ്യാറായി ബിജെപി എംഎല്‍എമാര്‍

മധ്യപ്രദേശില്‍ ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തയ്യറാകുന്നു എന്ന് സൂചന. കഴിഞ്ഞ ദിവസം നിയമസഭയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ പാസാക്കുന്നതിനിടെയാണ് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്തത്. നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവരാണ് വോട്ടു ചെയ്ത് ബിജെപിയെ ഞെട്ടിച്ചത്. ഇരുവരും ഉടനെ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്.

പിന്നാലെ ബിജെപിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി. എല്ലാദിവസവും ബിജെപി പറയാറുണ്ട് തങ്ങള്‍ ന്യൂനപക്ഷ സര്‍ക്കാരാണെന്നും ഏതുദിവസവും താഴെപ്പോകാമെന്നും. എന്നാല്‍ ഇന്ന് സഭയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ തങ്ങളുടെ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

231 അംഗ നിയമസഭയില്‍ 121 എംഎല്‍എമാരുടെ പിന്തുണയോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ ഭരണം നടത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 114 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ്, ബിഎസ്പിയുടെയും സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ബിജെപിക്ക് 109 എംഎല്‍എമാരാണുള്ളത്.