നിരത്തുകളില്‍ പൊലിയുന്ന കൗമാര ജീവനുകള്‍; വേണ്ടത് പുതിയ നിയമ നിര്‍മ്മാണം
മൂക്കൻ
നിരത്തിലൂടെ ചീറിപ്പായുന്ന അതിവേഗ ബൈക്കുകള്‍ കാരണം പൊലിയുന്ന ജീവനുകളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. എല്ലാ അപകടങ്ങള്‍ക്കും കാരണം ബൈക്ക് യാത്രികന്റെ അമിത വേഗത തന്നെയാണ്. ഈ അപകടങ്ങളില്‍ മരിക്കുന്നവരില്‍ ഭൂരിഭാഗവും 22 വയസിനു താഴെയുള്ള കൗമാരം വിട്ടു മാറാത്ത യുവാക്കളും.
സോഷ്യല്‍ മീഡിയയിലൂടെ പോലീസും മറ്റും ബോധവല്‍ക്കരണം നടത്തുന്നുണ്ട് എങ്കിലും പൊലിയുന്ന ജീവനുകളുടെ എണ്ണത്തില്‍ കുറവ് വരുന്നില്ല എന്നതാണ് സത്യം. കാലം മാറിയത് അനുസരിച്ചു നിരത്തുകളിലെ വാഹനങ്ങളുടെ എണ്ണം ഭയാനകമായ രീതിയിലാണ് കൂടി വരുന്നത്. ഇത്രയും വാഹനങ്ങളെ ഉള്‍ക്കൊള്ളുവാന്‍ വേണ്ടന്നുള്ള തരത്തിലുള്ള നിരത്തുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലതാനും.
പ്രമുഖ നഗരങ്ങളില്‍ പോലും ഒരു ബസ് പോയാല്‍ നിറയുന്ന തരത്തിലുള്ള റോഡുകളാണ് നമുക്കുള്ളത്. ഇതിന്റെ ഇടയില്‍ കൂടിയാണ് കൊച്ചു പിള്ളേര്‍ തങ്ങളുടെ ന്യൂ ജെന്‍ ബൈക്കുമായി ഹോളിവുഡ് താരങ്ങളെ വെല്ലുന്ന തരത്തില്‍ ചീറിപ്പായുന്നത്. താനാണ് വാഹനം ഓടിക്കുന്നത് എന്ന് നാട്ടുകാരെ അറിയിക്കാൻ ഇവരാരും ഹെൽമെറ്റ് എന്ന വസ്തു ഉപയോഗിക്കാറില്ല എന്നുള്ളത് പരമമായ സത്യം. പോലീസ് പിടിച്ചാലും നൂറു രൂപ അടച്ചാൽ ഊരി പോകാം.
സത്യത്തില്‍ വാഹനത്തിന്റെ കരുത്തോ റോഡിലെ കുരുക്കോ അല്ല ഇവിടെ വില്ലന്‍ ആകുന്നത്. വാഹനം ഓടിക്കുന്ന യുവാക്കളുടെ പ്രായമാണ്. കേള്‍ക്കുമ്പോള്‍ ചിരിച്ചു തള്ളാന്‍ തോന്നും എന്നാല്‍ വ്യക്തമായി പറയാം. കൂടിയ കരുത്തുള്ള വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചു പയ്യന്മാരുടെ പ്രായവും ആരോഗ്യവും അപകടങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകാറുണ്ട്.
18 വയസ്സാണ് നമ്മുടെ നാട്ടില്‍ എല്ലാത്തിനും ഉള്ള ലൈസന്‍സ്. വോട്ട് ഇടുക, കല്യാണം കഴിക്കുക അതുപോലെ വാഹന ലൈസന്‍സ് കിട്ടുവാനുള്ള പ്രായവും ഇത് തന്നെയാണ്. 18 വയസിനു താഴെ പ്രായമുള്ളവര്‍ വാഹനം ഓടിച്ചാല്‍ വാഹനത്തിന്റെ ഉടമസ്ഥന് എതിരെ കേസെടുക്കുവാന്‍ പോലും നിയമം നിലവിലുള്ള നാടാണ് നമ്മുടേത്. എന്നിട്ടും 16 , 17 വയസുള്ള ആണ്‍കുട്ടികള്‍ ബൈക്ക് ആക്‌സിഡന്റില്‍ മരിച്ചു എന്ന് കാട്ടി പത്രങ്ങളിലെ ചരമ കോളങ്ങളില്‍ വാര്‍ത്ത വരുന്നത് ഏങ്ങനെയാണ്.
പതിനെട്ടു വയസില്‍ ലൈസന്‍സ് എടുക്കുന്ന ആണ്‍കുട്ടികള്‍ അതിനും മുന്നേ അച്ഛന്റെയോ അല്ലാതെ കൂട്ടുകാരുടെയോ വാഹനങ്ങള്‍ ഓടിച്ചു പഠിച്ചു കാണും. നൂറു സി സി പവര്‍ ഉള്ള ബൈക്കുകളില്‍ ആകും പലരും ഇരുചക്ര വാഹനം ഓടിക്കാന്‍ പഠിക്കുന്നത്. അവര്‍ ജീവിതത്തില്‍ കൂടുതല്‍ ഓടിച്ചു പരിചയം ഉള്ളതും ഇത്തരത്തിലുള്ള സാധാരണ ബൈക്കുകള്‍ ആകും.
എന്നാല്‍ സ്വന്തമായി ലൈസന്‍സ് എടുക്കാന്‍ ഉള്ള പ്രായം ആകുമ്പോള്‍ തനിക്കും സ്വന്തമായി ഒരു വാഹനം വേണം എന്ന ആവശ്യം പല യുവാക്കളും വീടുകളില്‍ അറിയിക്കും. മകന് വാങ്ങി നല്‍കുന്ന ബൈക്ക് ഏത് തരത്തിലുള്ളത് ആകണം എന്ന് പല മാതാപിതാക്കള്‍ക്കും അറിവ് കാണില്ല എന്നത് സത്യം. തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിലയാണ് എങ്കില്‍ ഉള്ളതില്‍ ഏറ്റവും വില കൂടിയ ബൈക്ക് തന്നെ അവര്‍ മക്കള്‍ക്ക് വാങ്ങി നല്‍കും. ആഡംബരവും വേഗതയും കൂടിയ ബൈക്കുകള്‍ മാത്രമേ ഈ കുട്ടികള്‍ ആഗ്രഹിക്കു. മുന്നൂറും നാന്നൂറും സി സിയുള്ള അതിവേഗ ബൈക്കുകള്‍ തന്നെ ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും.
വേഗത മാത്രമല്ല നല്ല ആരോഗ്യം ഉള്ളവര്‍ക്ക് മാത്രമേ ഈ വാഹനങ്ങള്‍ ഒന്ന് നേരെ പിടിച്ചു വെക്കാന്‍ സാധിക്കു എന്നുള്ളതും സത്യം. കാലു പോലും തറയില്‍ എത്താത്ത രീതിയില്‍ ഈ ബൈക്കുമായി ട്രാഫിക്കില്‍ നില്‍ക്കുന്ന മീശ പോലും മുളയ്ക്കാത്ത ആണ്‍കുട്ടികള്‍ സ്ഥിരം കാഴ്ചയാണ്.
ഈ വാഹനങ്ങള്‍ ഡിസ്‌ക് ബ്രെക്ക് പോലുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്ളവയാണ് എങ്കിലും കൃത്യ സമയത്തു അവ ഉപയോഗിക്കാന്‍ പോലും ഈ കുട്ടികള്‍ക്ക് അറിയില്ല. കാരണം ഇരുചക്ര വാഹനം ഓടിക്കുന്നതില്‍ അവര്‍ക്കുള്ള പരിചയകുറവ് തന്നെ. നൂറു സി സി സാധാരണ ബൈക്ക് ഓടിച്ചു പഠിക്കുന്ന അവരുടെ കയ്യില്‍ അതിന്റെ ഇരട്ടി വേഗവും ഭാരവും ഉള്ള വാഹനം ഒരു ദിനം കിട്ടുമ്പോള്‍ അവര്‍ സന്തോഷിക്കും. എങ്കിലും അമിത വേഗതയില്‍ റോഡിലൂടെ പോകുമ്പോള്‍ വാഹനം ഓടിക്കുന്ന ഒരാള്‍ക്ക് വേണ്ടുന്ന കൃത്യതയും പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണുവാനുള്ള കഴിവും ഇവര്‍ക്ക് കാണുകയും ഇല്ല ഫലമോ അപകടം.
വളവുകള്‍ തിരിയുന്ന സമയം അമിത വേഗതയില്‍ മറ്റുള്ള വണ്ടികളിലും മതിലിലും റോഡ് സൈഡിലെ പോസ്റ്റുകളിലും വാഹനം കൊണ്ടിടിച്ചു മരണം പുല്കുന്ന യുവാക്കള്‍ ധാരാളമാണ്. വളവുകളില്‍ വാഹനം ഒരു പരിധിയില്‍ കൂടുതല്‍ ചരിഞ്ഞാല്‍ അതിനെ നേരെ നിര്‍ത്തുവാനുള്ള ആരോഗ്യം ഇല്ലായ്മ കാരണം വണ്ടി മറിഞ്ഞു വീണു മരിക്കുന്നവരും കുറവല്ല.
ഇതിൽ എല്ലാം ഉപരിയാണ് ഹെൽമെറ്റ് വിരോധം. റോഡിൽ നാട്ടുകാരുടെ മുന്നിൽ ഷോ കാണിക്കാൻ ഹെൽമെറ്റ് ഉപയോഗിക്കാത്തത് മൂലമാണ് പല ചെറിയ വീഴ്ചകളും മരണത്തിൽ കലാശിക്കുന്നത്. നാല്പത് കിലോമീറ്ററിന് മുകളിലുള്ള ഏതൊരു അപകടവും ഇരുചക്ര വാഹന യാത്രക്കാർക്ക് കനത്ത വില തന്നെ നൽകേണ്ട ഒന്നാണ്. അപ്പോഴാണ് ഇതിനെ കുറിച്ച് യാതൊരുവിധ മുൻ പരിചയും ഇല്ലാത്ത കുഞ്ഞുങ്ങൾ ഹെൽമെറ്റ് പോലും വെക്കാതെ മണിക്കൂറിൽ നൂറ് കിലോമീറ്ററിന് മുകളിൽ വാഹനം ഓടിച്ചു മരണത്തെ വരിക്കുന്നത്.
കാലത്തിനു അനുസരിച്ചു നിയമ നിർമ്മാണം നടത്തിയാൽ ഒരു പരിധി വരെ ഈ അപകടങ്ങൾ കുറയ്ക്കാൻ കഴിയും. 100 സി സിക്ക് മേൽ ഉള്ള വാഹനങ്ങൾ ഓടിക്കാൻ ഒരു നിശ്ചിത പ്രായം കൊണ്ട് വരിക എന്നുള്ളതാണ് ഏറ്റവും എളുപ്പമായ ഒന്ന്. ഇപ്പോൾ തന്നെ ഹെവി വെഹിക്കിൾസ് ഓടിക്കാൻ ഒരു പ്രായം ഉണ്ട്. അതുപോലെ അമിത വേഗതയുള്ള വാഹനങ്ങൾ കൊച്ചു പിള്ളേരുടെ കൈകളിൽ കൊടുക്കാതിരിക്കുക തന്നെയാണ് ഏറ്റവും നല്ല ഉപാധി.
അതിലെല്ലാം ഉപരി നമ്മുടെ നാഷണൽ ഹൈവേകളിൽ പോലും ഇപ്പോഴും ഇരു ചക്ര വാഹനങ്ങളുടെ വേഗത 60 കിലോമീറ്ററിന് താഴെയാണ്. അവിടങ്ങളിലാണ് ഇവർ ബൈക്കുകളുടെ യഥാർഥ വേഗത പരിശോധിക്കുന്നത്. ഒരു നായ കുറുകെ ചാടിയാൽ മതി ആ വേഗത അവസാനമാകുവാൻ. ഇനി ഇതൊന്നും നടപ്പിലായില്ല എങ്കിൽ തീരുമാനം എടുക്കേണ്ടത് മാതാപിതാക്കൾ ആണ്.
മകൻ പ്ലസ് ടൂവിൽ ജയിക്കുന്നു എങ്കിൽ അവനു ഇതുപോലെ ജീവിതം കുറയ്ക്കാൻ ഇട നൽകുന്ന സമ്മാനം നൽകാതെ തുടർന്ന് ജീവിക്കാൻ ഉള്ള സമ്മാനം നൽകുക. നാട്ടുകാരെയും ബന്ധുക്കളെയും കാണിക്കാൻ ഇതുപോലെ ഉള്ള മരണക്കളി കളിക്കണോ ചിന്തിക്കുക. ഭാവിയിൽ തങ്ങൾക്ക് താങ്ങ് ആകേണ്ട മക്കൾ അപകടത്തിൽ പെട്ട് ആംബുലൻസിൽ വീട്ടിൽ വന്നിറങ്ങുന്നത് കാണുവാൻ ആരും ആഗ്രഹിക്കില്ല…കാരണം ജീവിതം ഒന്നേയുള്ളു…