ഇടിമിന്നലേറ്റ് ഒരു ദിവസം മാത്രം മരിച്ചത് 73 പേര്‍
കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ജീവിതം താറുമാറായ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി ഇടിമിന്നല്‍ വര്‍ഷം. കഴിഞ്ഞ 24 മണിക്കൂറില്‍ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 73 കവിഞ്ഞു. ബീഹാറിലും ജാര്‍ഖണ്ഡിലും ഉത്തര്‍ പ്രദേശിന്റെ ചില ഭാഗങ്ങളിലുമാണ് കനത്ത ഇടിമിന്നല്‍ അനുഭവപ്പെട്ടത്.
ബീഹാറില്‍ മാത്രമായി ഇടിമിന്നലില്‍ മരണമടഞ്ഞത് 39 പേരാണ്. ജാര്‍ഖണ്ഡില്‍ 28 പേരും ഉത്തര്‍ പ്രദേശില്‍ 6 പേരും മരണമടഞ്ഞു.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്. കൂടാതെ, ഗുരുതരമായി പൊള്ളലേറ്റ പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഔറംഗാബാദ്, ഈസ്റ്റ് ചമ്പാരന്‍, ഭഗല്‍പുര്‍ ജില്ലകളിലാണ് ബീഹാറില്‍ മിന്നലേറ്റു മരണമുണ്ടായത്. ജാര്‍ഖണ്ഡില്‍ ജാംതാര, രാംഗഡ്, പകുര്‍ ജില്ലകളിലാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രിക്കുശേഷമാണ് ബീഹാറിലും ജാര്‍ഖണ്ഡിലും ശക്തമായ ഇടിമിന്നലുണ്ടായത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ 4 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.