നാടോടികളുടെ കയ്യിലെ നാടന്‍ തേന്‍ നാടനല്ല വ്യാജന്‍
വഴിയരുകില്‍ നിന്നും തനി നാടന്‍ എന്ന പേരില്‍ വില്‍ക്കുന്ന തേനുകള്‍ വാങ്ങി ഉപയോഗിച്ചിട്ടുള്ളവര്‍ ജാഗ്രത. തനി നാടന്‍ അല്ല തനി വ്യാജനാണ് നിങ്ങളുടെ കയ്യില്‍. ആലുവയില്‍ വ്യാജ തേനുണ്ടാക്കുന്ന നാടോടികളെ പൊലീസ് പിടികൂടിയപ്പോള്‍ ആണ് ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. നാടോടികള്‍ ചാക്ക് കണക്കിന് പഞ്ചസാര വാങ്ങുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫെവിക്കോളും വാര്‍ണിഷും ഉപയോഗിച്ചാണ് ഇവര്‍ വ്യാജ തേനുണ്ടാക്കിയിരുന്നത് എന്ന് തെളിയുന്നത്.
ആലുവയിലെ മേല്‍പ്പാലത്തിനടിയിലാണ് നാടോടികള്‍ ദിവസങ്ങളായി തമ്പടിച്ചിരുന്നത്. ഇവര്‍ ചാക്ക് കണക്കിന് പഞ്ചസാര വാങ്ങുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംശയം തോന്നിയ ഇവര്‍ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് തേനിന്റെ കള്ളി വെളിച്ചത്തായത്.
വ്യാജ തേനിന് വീര്യം കൂട്ടാന്‍ ഒപ്പം മറ്റ് ചില രാസവസ്തുക്കളും ചേര്‍ത്തിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നാടോടിസംഘത്തിലെ സ്ത്രീകളാണ് വ്യാജ തേന്‍ ഉണ്ടാക്കിയിരുന്നത്. സംഘത്തിലെ പുരുഷന്‍മാര്‍ റോഡരികിലിരുന്ന് വില്‍പ്പന നടത്തുകയാണ് പതിവ്. ഇവരില്‍ നിന്ന് വ്യാജ തേനുണ്ടാക്കാനുപയോഗിച്ചിരുന്ന സാധനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഇത് വാങ്ങി ഉപയോഗിച്ചവര്‍ ഇപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലായ നിലയിലാണ്.