അമ്പൂരി കൊലപാതകം ;കൊല്ലപ്പെട്ട യുവതിയും പ്രതി അഖിലും വിവാഹിതരായിരുന്നതായി സൂചന
അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോളും പ്രതി അഖിലും വിവാഹിതരായിരുന്നതായി സൂചനകള്‍. യുവതിയുടെ മൃതദേഹത്തില്‍ നിന്നും പോലീസ് താലി കണ്ടെത്തിയിരുന്നു. എറണാകുളത്ത് ഒരു ക്ഷേത്രത്തില്‍വെചാണ് ഇരുവരും വിവാഹം ചെയ്തതായി പൊലീസ് പറയുന്നത്. കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.
ഭാര്യാ ഭര്‍ത്താക്കന്‍മാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. രാഹുല്‍ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖില്‍ കയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
അതിനിടെ പ്രതി അഖില്‍ കാര്‍ കൊണ്ടുപോയിരുന്നതായി കാറുടമ വ്യക്തമാക്കി. ഹ്യുണ്ടായി ഐ 10 കാറാണ് അഖില്‍ ഉപയോഗിച്ചത്. 24 ന് മടക്കി കൊണ്ടു വരാമെന്നു പറഞ്ഞെങ്കിലും കാറ് തിരികെ കൊണ്ടു വന്നത് അഖിലിന്റെ സഹോദരന്‍ രാഹുലെന്നും കാറുടമ പറഞ്ഞു.
അതേസമയം അമ്പൂരിയില്‍ യുവതിയെക്കൊന്ന് കുഴിച്ചുമൂടിയ കേസിലെ രണ്ടാം പ്രതി രാഹുല്‍ പൊലീസില്‍ കീഴടങ്ങിയെന്ന് അച്ഛന്‍ മണിയന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കു മുമ്പില്‍ മകന്‍ കീഴടങ്ങിയെന്നാണ് അച്ഛന്‍ പറയുന്നത്.
എന്നാല്‍, പ്രതി കീഴടങ്ങിയെന്നതിന് പൊലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്നും പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതിയായ സൈനികന്‍ അഖിലിന്റെ ജ്യേഷ്ഠനാണ് രാഹുല്‍. ഇരുവരും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനുശേഷം അഖിലും രാഹുലും ഒളിവിലാണ്. ആദര്‍ശിനെ പൊലീസ് പിടികൂടിയിരുന്നു.
തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് അഖിലിന്റെ നിര്‍മ്മാണം നടക്കുന്ന വീടിനു സമീപം കുഴിച്ചിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസമായി രാഖിയെ കാണാനില്ലായിരുന്നു. രാഖിയും അഖിലും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. അതേസമയം, കൊലപാതക ദിവസം രാഖി നെയ്യാറ്റിന്‍കരയിലെത്തിയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
വൈകിട്ട് ആറേമുക്കാലോട് കൂടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ശേഖരിച്ചത്. ഇതിന് ശേഷം അഖിലിന്റെ നേതൃത്വത്തിലെ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അഖിലിനെ കണ്ടെത്താനായി പൊലീസ് സംഘം ഡല്‍ഹിക്ക് തിരിച്ചു.