എം എല്‍ എക്ക് അടി കിട്ടിയ സംഭവം ; പോലീസിനെ ന്യായീകരിച്ച കാനം മലക്കം മറിഞ്ഞു

സ്വന്തം പാര്‍ട്ടിയിലെ എം എല്‍ എക്ക് പോലീസ് മര്‍ദ്ദനത്തില്‍ കൈ ഒടിഞ്ഞിട്ടും വിഷയത്തില്‍ പോലീസിനെയും മുഖ്യമന്ത്രിയെയും ന്യായീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മലക്കം മറിഞ്ഞു. പൊലീസിനെ താന്‍ ന്യായീകരിച്ചിട്ടില്ല എന്നാണ് കാനം ഇപ്പോള്‍ പറയുന്നത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് നടപടിയെടുക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദനമേറ്റത് സമരം ചെയ്തിട്ടാണെന്നും പൊലീസ് ആരുടേയും വീട്ടില്‍ കയറി മര്‍ദിച്ചിട്ടില്ലെന്നുമായിരുന്നു കാനം ഇന്നലെ പറഞ്ഞത്. കാനത്തിന്റെ പ്രസ്താവന വിവാദമായതോടെ സിപിഐ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി. സിപിഐ നേതാക്കള്‍ക്ക് നേരെ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് കടുത്ത അക്രമമെന്ന് പാര്‍ട്ടി നേതാവും മുന്‍ എംപിയുമായ സി എന്‍ ജയദേവന്‍ പറഞ്ഞു. നടപടി കടുത്ത അമര്‍ഷമുണ്ടാക്കുന്നതാണ്. ഭരണപക്ഷ എംഎല്‍എയെ പൊലീസ് തെരഞ്ഞുപിടിച്ച് മര്‍ദിക്കുകയാണ് ചെയ്തതെന്നും ജയദേവന്‍ പറഞ്ഞു.

കൊച്ചിയിലെ സംഭവത്തില്‍ മൗനം പാലിക്കുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുന്നുണ്ടോയെന്ന് അറിയില്ല. അങ്ങനെയൊരു സാഹചര്യം കേരളത്തിലുണ്ടോയെന്ന് ജയദേവന്‍ ചോദിച്ചു. നിലപാടില്‍ വിശദീകരിക്കേണ്ടത് കാനം തന്നെയാണ്. ഭരണത്തിലിരുന്നു തല്ലുകൊള്ളേണ്ട ഗതികേട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലെന്ന് ജയദേവന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ കാനത്തെ വിമര്‍ശിച്ച് ആലപ്പുഴയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. സിപിഐ ജില്ലാ കമ്മറ്റി ഓഫീസിന്റെ മതിലില്‍ ആണ് പോസ്റ്റര്‍ പതിച്ചത്. ‘കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററില്‍ എഴുതിയത്. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പിന്തുണയെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

ഇതൊക്കെ കൊണ്ട് തന്നെയാണ് തന്റെ മുന്‍ നിലപാട് വിഴുങ്ങിയ കാനം പുതിയ പ്രസ്താവനയുമായി രംഗത് വന്നിരിക്കുന്നത് എന്ന് വ്യക്തം.