യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്എഫ്ഐ അതിക്രമം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്എഫ്ഐ അതിക്രമം എന്ന് വാര്‍ത്തകള്‍. കോളേജില്‍ ഡ്യൂട്ടിയില്‍ ഉള്ള പൊലീസുകാരെ ഇറക്കി വിടാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. പൊലീസുകാരുടെ ലാത്തി എസ്എഫ്ഐ നേതാക്കള്‍ വലിച്ചെറിഞ്ഞു. പുതിയതായി നിയമിച്ച അഡ്ഹോക് കമ്മിറ്റി അംഗങ്ങളാണ് പൊലീസിനെ എതിര്‍ത്തത്. ട്വന്റിഫോര്‍ ചാനലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

യൂണിവേഴ്സിറ്റി കോളേജില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാര്‍ക്ക് നേരെയാണ് എസ്എഫ്ഐ നേതാക്കളുടെ അതിക്രമം. പൊലീസുകാരോട് ഗേറ്റിന് പുറത്തു പോകാന്‍ പറഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. പൊലീസിനെതിരെ വ്യാജ പരാതി നല്‍കാനും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായും വിവരമുണ്ട്.

അതേസമയം, യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ പൊലീസിനെ പുറത്താക്കണമെന്ന എസ്എഫ്ഐയുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അധികമായാല്‍ അമൃതും വിഷമാണ്. പൊലീസുകാര്‍ കോളേജിനകത്ത് കയറേണ്ട ആവശ്യമില്ല. കോളേജിലെ കാര്യങ്ങള്‍ നിലവില്‍ സുഗമമായാണ് മുന്നോട്ട് പോകുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ കോളേജ് വീണ്ടും കൈക്കുള്ളില്‍ ആക്കുവാന്‍ വേണ്ടിയുള്ള എസ് എഫ് ഐയുടെ പുതിയ പദ്ധതിയാണ് ഈ കടന്നാക്രമണം എന്ന് മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നു. പോലീസ് പ്രതികരിച്ചാല്‍ പോലീസ് അതിക്രമം എന്ന് കാട്ടി പ്രശ്നത്തെ വലുതാക്കുവാന്‍ വേണ്ടിയുള്ള കരുതിക്കൂട്ടിയുള്ള കുഴപ്പങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടി നടത്തുന്നത് എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.