അമ്പൂരി കൊലപാതകം: രണ്ടാംപ്രതി അറസ്റ്റില്‍, കൊന്നത് കാറില്‍ വച്ച് കഴുത്ത് ഞെരിച്ച്

അമ്പൂരിയില്‍ കൊലപാതക കേസില്‍ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. പൂവാര്‍ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട രാഖിയുടെ കാമുകനും ഒന്നാം പ്രതിയുമായ അഖിലിന്റെ സഹോദരനാണ് രാഹുല്‍. സൈനികനുമായ അഖിലിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. രാഹുല്‍ കീഴടങ്ങിയെന്ന് അച്ഛന്‍ മണിയന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

താന്‍ രാഖിയെ കൊന്നിട്ടില്ല എന്ന് തന്നെയാണ് അഖില്‍ പറയുന്നതെന്നാണ് അച്ഛന്‍ മണിയന്‍ പറയുന്നത്. എന്നാല്‍ അറസ്റ്റിലായ രാഹുല്‍ കുറ്റം സമ്മതിച്ചുകൊണ്ടാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കാറില്‍ വച്ച് കഴുത്തു ഞെരിച്ചാണ് രാഖിയെ കൊലപ്പെടുത്തിയത്. മരിച്ചെന്നുറപ്പായപ്പോള്‍ പറമ്പില്‍ കുഴിച്ചുമൂടിയെന്നും രാഹുല്‍ പൊലീസിനോട് സമ്മതിച്ചു.

അഖിലിനെ കണ്ടെത്താന്‍ ദില്ലി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മകന്‍ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടന്‍ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്റെയും രാഹുലിന്റെയും അച്ഛന്‍ മണിയന്‍ രംഗത്തെത്തി. മകന്‍ നിരപരാധിയാണെന്നും മണിയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകന്‍ ഫോണ്‍ ചെയ്തതായും അച്ഛന്‍ വെളിപ്പെടുത്തി. എന്നാല്‍ കൊലപാതകത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ സംശയം.

ഇതിനിടെ കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് രാഖിയുടെ കുടുംബം രംഗത്തെത്തി. കൊലപാതക വിവരം അഖിലിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്നും എന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസ് ഇടപെടലെന്നും രാഖിയുടെ അച്ഛന്‍ ആരോപിക്കുന്നു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും വിവാദമായ കൊലപാതകക്കേസിലെ പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികള്‍ സുരക്ഷാ വലയത്തിലാണെന്നുമാണ് രാഖിയുടെ അച്ഛന്‍ പറയുന്നത്.

രാഖിയും അഖിലും ഫ്രെബുവരിയില്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്ന്, കേസിലെ മൂന്നാം പ്രതിയും പ്രതികളായ സഹോദരന്‍മാരുടെ അയല്‍ക്കാരനുമായ ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍, പൊലീസ് പറയുന്നു. ഇതിനുശേഷം മറ്റൊരു വിവാഹത്തിന് അഖില്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. രാഖിയുടെ മൃതദേഹത്തില്‍ നിന്നും താലിയും കണ്ടെത്തിയിരുന്നു.

ഈ വിവരമടക്കം നേരത്തേ അഖിലിന്റെ കുടുംബത്തിന് അറിയാമായിരുന്നു. ഇനിയും ഏറെ ദുരൂഹതകള്‍ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛന്‍ ആരോപിച്ചു.