അമ്പൂരി കൊലപാതകം ; പട്ടാളക്കാരനായ മുഖ്യപ്രതി കീഴടങ്ങി

അമ്പൂരിയില്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും പട്ടാളക്കാരനുമായ അഖില്‍ കീഴടങ്ങി . ഇയാളെ പോലീസ് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ചു.

ഭാര്യാ ഭര്‍ത്താക്കന്‍മാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. രാഹുല്‍ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖില്‍ കയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

അതിനിടെ പ്രതി അഖില്‍ കാര്‍ കൊണ്ടുപോയിരുന്നതായി കാറുടമ വ്യക്തമാക്കി. ഹ്യുണ്ടായി ഐ 10 കാറാണ് അഖില്‍ ഉപയോഗിച്ചത്. 24 ന് മടക്കി കൊണ്ടു വരാമെന്നു പറഞ്ഞെങ്കിലും കാറ് തിരികെ കൊണ്ടു വന്നത് അഖിലിന്റെ സഹോദരന്‍ രാഹുലെന്നും കാറുടമ പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി രാഖിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതക വിവരം പുറത്തു കൊണ്ട് വന്നത്.