ട്രെയിനില്‍ കുടുങ്ങിയവരെ ബോട്ടുകളിലും ഹെലികോപ്പ്റ്ററിലും രക്ഷപ്പെടുത്തി
മഹാരാഷ്ട്രയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിയ മഹാലക്ഷ്മി എക്‌സ്പ്രസിലെ യാത്രക്കാരെ ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്താന്‍ ശ്രമം. ഇതുവരെ നൂറ്റിപതിനേഴ് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.
കോലാപൂരില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്‌സ്പ്രസാണ് കനത്ത മഴയെ തുടര്‍ന്ന് ബദലാപുരിന് സമീപം വങ്കാനി ഗ്രാമത്തില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിയത്. ട്രെയിനിലുള്ള എഴുനൂറോളം പേരെ ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായി രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ദേശീയ ദുരന്തനിവാരണസേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
മുംബൈയുടെ താഴ്ന്ന പ്രദേശങ്ങളായ സയണ്‍, കുര്‍ള ,ദാദര്‍ എന്നിവടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളിലൂടെയുള്ള ലോക്കല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വിമാന സര്‍വ്വീസുകള്‍ വൈകി. മുംബൈ, താനെ, റായിഗഡ് ജില്ലകള്‍ ഓറഞ്ച് അലര്‍ട്ടിലാണ്. മുംബൈയില്‍ രണ്ടു ദിവസം കനത്ത മഴ തുടരുമെന്നും കൊങ്കണ്‍ മേഖലയില്‍ ജൂലൈ അവസാനം വരെ മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അതേസമയം തോരാത്ത മഴ മുംബൈവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിയ്ക്കുകയാണ്. കനത്ത മഴ തുടരുന്ന മുംബൈയില്‍ വ്യോമ, റെയില്‍, റോഡ് ഗതാഗതം അപ്പാടെ താറുമാറായി.
പ്രധാനപ്പെട്ട പല റോഡുകളും റെയില്‍വേ ട്രാക്കുകളും വെള്ളത്തിനടിയില്‍ ആയതോടെ വ്യാപക ഗതാഗത കുരുക്കാണ് മുംബൈയില്‍ അനുഭവപ്പെടുന്നത്.
മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള 11 വിമാനങ്ങള്‍ റദ്ദാക്കി. 17 വിമാനങ്ങള്‍ വഴിതരിച്ച് വിടുകയും ചെയ്തു. നിരവധി വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.