നവയുഗത്തിന്റെ സഹായത്തോടെ നിയമകുരുക്കുകള്‍ അഴിച്ചു ജയകുമാര്‍ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: സ്‌പോന്‌സറുടെ ചതി മൂലം നിയമകുരുക്കിലായി അഞ്ചു വര്‍ഷത്തോളം നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ തമിഴ്‌നാട് സ്വദേശി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് ഈറോഡ് സ്വദേശിയായ ജയകുമാര്‍ വേദമുത്തു ജ്ഞാനമുത്തു എന്ന പ്രവാസിയാണ് ദുരിതക്കടല്‍ താണ്ടി നാട് അണഞ്ഞത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് ദമ്മാമിലെ ഒരു വീട്ടില്‍ ഹൌസ് ഡ്രൈവറായി ആണ് ജയകുമാര്‍ ജോലിയ്‌ക്കെത്തിയത്. ജോലിയ്ക്ക് ചേര്‍ന്ന ശേഷം ഒരു ദിവസം സ്‌പോന്‍സര്‍ ജയകുമാറിനെയും കൊണ്ട് ടയോട്ടയില്‍ പോയി പുതിയ കാര്‍ തവണ വ്യവസ്ഥയില്‍ വാങ്ങി. ജയകുമാറിന്റെ പേരിലാണ് വാങ്ങിയത്. ഇത് അറിയാതെ സ്‌പോന്‍സര്‍ പറഞ്ഞ പേപ്പറുകളില്‍ ഒക്കെ ജയകുമാര്‍ ഒപ്പിട്ടു കൊടുക്കുകയും ചെയ്തു.

സ്‌പോന്‌സറും മക്കളുമായിരുന്നു പുതിയ കാര്‍ ഓടിച്ചത്. ജയകുമാര്‍ വീട്ടിലെ മറ്റൊരു കാര്‍ ആയിരുന്നു ഓടിച്ചത്.

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം, വെക്കേഷന് പോകാന്‍ സ്‌പോന്‌സറോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ പല ഒഴിവുകഴിവുകള്‍ പറഞ്ഞു അത് നീട്ടികൊണ്ട് പോയി. ആയിടയ്ക്ക് ടയോട്ട കമ്പനിയില്‍ നിന്നും ഒരു മെസ്സേജ് ജയകുമാറിന് കിട്ടി. കാര്‍ വാങ്ങിയതിന്റെ തവണ കുടിശ്ശിക അടയ്ക്കാത്തതിനാല്‍ ജയകുമാറിനെതിരെ കമ്പനി കേസ് ഫയല്‍ ചെയ്തു എന്ന അറിയിപ്പായിരുന്നു അത്. തുടര്‍ന്ന് തന്റെ ഇക്കാമയുടെ വിവരങ്ങള്‍ വെച്ച് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അന്വേഷിച്ചപ്പോള്‍, തന്റെ പേരിലുള്ള ആ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പരില്‍ അന്‍പതിനായിരം രൂപയുടെ ഗതാഗതനിയമലംഘനങ്ങളുടെ ഫൈന്‍ കിടക്കുന്നതായും അയാള്‍ കണ്ടു പിടിച്ചു. അതോടെ പരിഭ്രാന്തനായ ജയകുമാര്‍ സ്‌പോന്‌സറോട് തര്‍ക്കിച്ചെങ്കിലും സ്‌പോന്‍സര്‍ ഉത്തരവാദിത്വം ഏല്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ആ വീട് വിട്ട ജയകുമാര്‍ ചില സുഹൃത്തുക്കളുടെ പക്കല്‍ അഭയം തേടി.

തനിയ്ക്ക് നീതി ലഭിയ്ക്കാനായി ജയകുമാര്‍ പലരെയും സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. സുഹൃത്തുക്കളുടെ നിര്‍ദേശമനുസരിച്ച് നവയുഗം നിയമസഹായവേദി, ദമ്മാം ഹൈപ്പര്‍മാര്‍ക്കറ്റില്‍ എല്ലാ ചൊവ്വാഴ്ചയും നടത്തുന്ന അദാലത്തില്‍ എത്തി പരാതി പറഞ്ഞു. തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.

ജയകുമാര്‍ നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ, ദമ്മാം ലേബര്‍ കോടതിയില്‍ സ്‌പോന്‌സര്‍ക്കെതിരെ കേസ് നല്‍കി. എന്നാല്‍ സ്‌പോന്‍സര്‍ ഹാജരാകാത്തത് കൊണ്ട് കേസ് നീണ്ടു പോയി. അതിനു ശേഷം കേസ് കോബാര്‍ ലേബര്‍ കോടതിയിലേയ്ക്കും, അവിടന്ന് അസീസിയ കോടതിയിലെയ്ക്കും മാറ്റുകയുണ്ടായി. നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍ ആയിരുന്നു ജയകുമാറിനു വേണ്ടി ഈ കോടതികളില്‍ ഹാജരായത്. കേസ് മാസങ്ങളോളം നീണ്ടു. ഇതിനിടെ വീട്ടില്‍ പ്രായമായ അമ്മയ്ക്ക് ഗുരുതരമായ് അസുഖമായി കിടപ്പിലാണ് എന്നറിഞ്ഞ ജയകുമാര്‍ കൂടുതല്‍ വിഷമത്തിലായി.

തുടര്‍ച്ചയായി ഹാജരാകാത്തതിനെതുടര്‍ന്ന് ലേബര്‍ കോടതി സ്‌പോന്‌സര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. തുടര്‍ന്ന് അയാള്‍ ഹാജരായി. കോടതിയില്‍ നടന്ന വാദത്തില്‍ ജയകുമാറിന്റെ നിരപരാധിത്വം പറഞ്ഞു ബോധ്യപ്പെടുത്തുവാന് ഷിബുകുമാറിന് കഴിഞ്ഞു. ഒടുവില്‍ ജയകുമാറിന്റെ പേരിലുള്ള കേസുകളും, യാത്രവിലക്കുകളും നീക്കാനും, എക്‌സിറ്റ് അടിച്ചു നല്‍കാനും കോടതി വിധിച്ചു.

ചില സുഹൃത്തുക്കളും, ഒരു സൗദി പൌരനും ചേര്‍ന്ന് ജയകുമാറിന് വിമാനടിക്കറ്റ് എടുത്തു നല്‍കി.

സഹായിച്ചവര്‍ക്കൊക്കെ നന്ദി പറഞ്ഞു ജയകുമാര്‍ നാട്ടിലേയ്ക്ക് മടങ്ങി.