അമ്പൂരി ; കൊലപാതകം നടത്തിയത് കുഴി ഒരുക്കിയതിനു ശേഷം
അമ്പൂരി രാഖികൊലപാതക കേസില്‍ അഖിലും സഹോദരനും മാത്രമല്ല കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിനും കുടുംബാംങ്ങള്‍ക്ക് വരെയുള്ള പങ്കിന് തെളിവ്. പൊലീസ് ചോദ്യം ചെയ്യലില്‍ അഖില്‍ തന്നെയാണ് എല്ലാ വിവരവും പൊലീസിന് നല്‍കിയത്.
വര്‍ഷങ്ങളായി രാഖിയുമായി അടുപ്പമുണ്ടായിരുന്നു എന്നും വിവാഹിതരായിരുന്നു എന്നും അഖില്‍ സമ്മതിച്ചു. മറ്റൊരു വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ രാഖി നിരന്തരമായി ആത്മഹത്യാഭീഷണി മുഴക്കി. മറ്റൊരു വിവാഹം കഴിച്ചാല്‍ സൈ്വര്യമായി ജീവിക്കാന്‍ സമ്മതിക്കില്ലെന്നും പൊലീസില്‍ അറിയിക്കുമെന്നും രാഖി നിലപാടെടുത്തു. ഇതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് അഖില്‍ പറയുന്നത്.
കൊലപാതകത്തില്‍ അച്ഛന് പങ്കില്ലെന്ന് പറയുന്ന അഖില്‍ പക്ഷെ കുഴിയെടുക്കുന്നതിനും മറ്റും അച്ഛന്‍ മണിയന്‍ സഹായിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്. രാഖിയെ കൊല്ലും മുമ്പെ കുഴിച്ച് മൂടാനുള്ള കുഴി വീട്ടുവളപ്പില്‍ ഒരുക്കിയിരുന്നു. ഇതിന് അച്ഛന്റെ സഹായവും ഉണ്ടായിരുന്നു എന്നാണ് അഖില്‍ പറയുന്നത്.
രാഖിയെ കൊലപ്പെടുത്തിയതില്‍ അഖിലിന്റെ അച്ഛനമ്മമാര്‍ക്കും പങ്കുണ്ടെന്ന് രാഖിയുടെ കുടുംബം ആവര്‍ത്തിച്ച് ആരോപിക്കുന്നുണ്ട്. അഖിലിന്റെ അച്ഛന്‍ മണിയന്‍ വീട്ടില്‍ കുഴി വെട്ടുന്നത് കണ്ടെന്ന് നാട്ടുകാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മരം വച്ച് പിടിപ്പിക്കാനാണെന്ന മറുപടിയാണ് അന്ന് കിട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൊലപാതകത്തിന് ശേഷം പോയത് കശ്മീരിലേക്കാണെന്നാണ് അഖില്‍ പൊലീസിനോട് പറഞ്ഞത്. ലേയിലേക്ക് പോയ അഖില്‍ തിരിച്ച് വരും വഴി ദില്ലി വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് പിടിയിലാകുന്നത്. അതേസമയം അവധി കഴിഞ്ഞ് അഖില്‍ തിരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.
അഖിലിന്റെ സഹോദരന്‍ രാഹുലിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടന്ന കാറ് തൃപ്പരപ്പില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് പേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്താല്‍ കുടുംബാംഗങ്ങളുടെ പങ്കിടലക്കം കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്. തെളിവെടുപ്പിനും പൊലീസ് ഒരുങ്ങുന്നുണ്ട്.
ഒരുമാസം മുമ്പാണ് പൂവ്വാര്‍ സ്വദേശിയായ രാഖിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്റെ വീട്ടില്‍ കൊന്ന് കുഴിച്ച് മൂടിയ നിലയില്‍ പൊലീസ് കണ്ടെത്തുന്നതും നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുന്നതും.
പുതിയ വീട് കാണിക്കാമെന്ന് പറഞ്ഞ് നെയ്യാറ്റിന്‍കരയില്‍ നിന്നും അഖില്‍ രാഖിയെ കാറില്‍ കയറ്റി. വിവാഹ നിശ്ചയത്തിന്റെ കാര്യം പറഞ്ഞതോടെ അതേ ചൊല്ലി ഇരുവരും തര്‍ക്കത്തിലായി. ‘നീ എന്റെ അനിയന്റെ കല്യാണം തടയുമല്ലേടീ’ എന്ന് ചോദിച്ച് കാറിന്റെ പിന്‍ സീറ്റിലിരുന്ന് രാഹുല്‍, രാഖിയുടെ കഴുത്തില്‍ കൈകൊണ്ട് ഞെരിക്കുകയായിരുന്നു.
ഈ സമയം ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന അഖില്‍ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടു. രാഖിയുടെ ബോധം പോയതോടെ കൈയില്‍ കരുതിയിരുന്ന കയര്‍ ഉപയോഗിച്ച് അഖിലും രാഹുലും ചേര്‍ന്ന് കഴുത്ത് വരിഞ്ഞു മുറക്കി കൊല്ലുകയായിരുന്നു. തുടര്‍ന്ന് പുതിയതായി നിര്‍മിക്കുന്ന വീടിന് സമീപമെടുത്ത കുഴിക്ക് സമീപം രാഖിയുടെ മൃതദേഹം കൊണ്ടുപോയി കിടത്തി.
വസ്ത്രങ്ങള്‍ നീക്കം ചെയ്ത ശേഷം മൃതദേഹം കുഴിയിലിട്ട് നേരത്തേ കരുതിയിരുന്ന ഉപ്പ് അതിന് മേല്‍ വിതറി. കുഴി മൂടി തെളിവുകള്‍ നശിപ്പിക്കുന്നതിനായി രാഖിയുടെ വസ്ത്രങ്ങള്‍ പ്രതികള്‍ കത്തിച്ചുകളയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.