രണ്ടു പഴത്തിന്റെ വില 442 രൂപ ; ഹോട്ടലിന് 25000 രൂപ പിഴ

പ്രമുഖ ബോളിവുഡ് താരം രാഹുല്‍ ബോസിനാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകാര്‍ 442 രൂപയ്ക്ക് രണ്ടു പഴം നല്‍കിയത്. സംഭവത്തെക്കുറിച്ച് രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചതിന് പിന്നാലെയാണ് ഉന്നതതല അന്വേഷണം നടന്നത്. തുടര്‍ന്ന് അമിത വില ഈടാക്കിയതിന് ടാക്‌സ് അതോറിറ്റി ഹോട്ടലിനു 25,000 രൂപ പിഴ വിധിച്ചു.പഴങ്ങള്‍ നികുതിയില്‍ നിന്നും ഒഴുവാക്കപ്പെട്ടവയായിട്ടും നികുതി ഈടാക്കിയതിനാണ് പിഴ.

കഴിഞ്ഞ തിങ്കളാഴ്ചാണ് ചണ്ഡിഗഡിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുമ്പോള്‍ രാഹുലിന് ഈ ദുരനുഭവം നേരിടേണ്ടിവന്നത്.

ഹോട്ടലിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രണ്ട് വാഴപ്പഴത്തിന് രാഹുല്‍ ബോസ് ആവശ്യപ്പെട്ടത്. മുറിയിലെത്തുമ്പോഴേക്കും പഴം എത്തി. ഒപ്പം ബില്ലും.

രാഹുല്‍ ബോസ് രണ്ട് പഴം വാങ്ങിച്ചപ്പോള്‍ 442.50 രൂപയാണ് ബില്‍ നല്‍കിയത്. 375 രൂപയാണ് രണ്ട് പഴങ്ങളുടെ വില പിന്നെ ജിഎസ്ടി കൂടി ചേര്‍ക്കുമ്പോള്‍ പഴത്തിന്റെ വില 442 രൂപ 50 പൈസ.

ബില്ലുകണ്ട് ഞെട്ടിയ താരം ബില്‍ സഹിതം ട്വീറ്റ് ചെയ്തപ്പോഴാണ് സംഭവം വിവാദമായത്. ഇത് വിശ്വസിക്കാനാകുമോയെന്ന അടിക്കുറിപ്പോടെ രാഹുല്‍ ബോസ് തന്നെയാണ് ഈ വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടത്.