കറി വെക്കാന്‍ ഡ്രസ് ചെയ്ത കോഴി പ്ലേറ്റില്‍ നിന്നു ചാടി രക്ഷപ്പെടുന്ന വീഡിയോ വൈറല്‍
പാചകം ചെയ്യാന്‍ വേണ്ടി വെറും മാംസം മാത്രമുള്ള കോഴി പ്ലേറ്റില്‍ നിന്ന് ചാടുന്നത് അവിശ്വസനീയമായ കാഴ്ചയാണ്. വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ് എങ്കിലും ഇത്തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. റെസ്റ്റോറന്റില്‍ പാകം ചെയ്യാന്‍ വച്ചിരുന്ന ചിക്കന്‍ പുറത്തേക്ക് ചാടുന്നതാണ് വിഡിയോ. രണ്ടാഴ്ച മുന്‍പ് ഫ്‌ലോറിഡ നിവാസിയായ റൈ ഫിലിപ്‌സാണ് ഈ വിഡിയോ ആദ്യമായി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.
റെസ്റ്റോറന്റിലെ മേശപ്പുറത്ത് നിരവധി ഭക്ഷ്യവസ്തുക്കള്‍ നിരത്തിയിരുന്നു. ഇതില്‍ ഒരു പ്ലേറ്റ് ചിക്കനും ഉണ്ടായിരുന്നു. പാചകം ചെയ്യാന്‍ തുടങ്ങുന്നതിനിടെ ചിക്കന്റെ ഒരു ഭാഗം പ്ലേറ്റില്‍ നിന്ന് കുതിച്ച് തറയിലേക്ക് വീണു. മേശയ്ക്ക് ചുറ്റുമുള്ളവര്‍ ഈ കാഴ്ച കണ്ട് ഭയന്നു വിളിക്കുന്നത് വിഡിയോയില്‍ കാണാം.
ഈ വിഡിയോ ഇതുവരെ 1.9 കോടി പേരാണ് കണ്ടത്. രണ്ട് ലക്ഷത്തിലധികം പേര്‍ ഷെയര്‍ ചെയ്തു. എവിടെയുള്ള റെസ്റ്റോറന്റിലാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല. പക്ഷേ പ്ലേറ്റിന് സമീപം ദൃശ്യമാകുന്ന ചോപ്സ്റ്റിക്കുകള്‍ ഇത് ഒരു ജാപ്പനീസ്, ചൈനീസ് അല്ലെങ്കില്‍ കൊറിയന്‍ റെസ്റ്റോറന്റ് ആണെന്ന സാധ്യത നല്‍കുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ലൈക്ക് കിട്ടാന്‍ വേണ്ടി കൃത്രിമമായി നിര്‍മ്മിച്ചതാണ് ഈ വീഡിയോ എന്നും കമന്റുകള്‍ വരുന്നുണ്ട്.