യെദിയൂരപ്പയുടെ വിശ്വാസവോട്ടെടുപ്പ് നാളെ ; 14 വിമത എംഎല്‍എമാരെ അയോഗ്യരാക്കി

യെദിയൂരപ്പ നാളെ വിശ്വാസ വോട്ടെടുപ്പിന് തയ്യറാകുന്നതിനു മുന്നേ രാജി വച്ച 13 എംഎല്‍എമാരെയും അയോഗ്യരാക്കിയതായി സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ അറിയിച്ചു. അതുപോലെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയിരിക്കുന്നത്. ഇതോടെ യെദിയൂരപ്പ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് നേടുമെന്ന് ഉറപ്പായി.

കോണ്‍ഗ്രസിലെ 11 എംഎല്‍എമാരെയും ജെഡിഎസിലെ 3 എംഎല്‍എമാരെയുമാണ് ഇന്ന് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. രാജിവച്ച് വിമതക്യാമ്പിലേക്ക് പോയ പ്രതാപ് ഗൗഡ പാട്ടീല്‍, ബിസി പാട്ടീല്‍, മുനിരത്‌ന, ബൈരതി ബസവരാജ്, എസ് ടി സോമശേഖര്‍, കെ സുധാകര്‍, റോഷന്‍ ബെയ്ഗ്, ആനന്ദ് സിംഗ്, എം ടി ബി നാഗരാജ്, ശിവറാം ഹെബ്ബാര്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരും എച്ച് വിശ്വനാഥ്, ഗോപാലയ്യ, നാരായണ്‍ ഗൗഡ എന്നീ ജെഡിഎസ് എംഎല്‍എമാരും നടപടി നേരിട്ടു. വിപ്പ് ലംഘിച്ചതിനാണ് വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെ അയോഗ്യനാക്കിയത്. നേരത്തെ 3 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസും ജെഡിഎസും ശുപാര്‍ശ ചെയ്ത 17 എംഎല്‍എമാരും അയോഗ്യരായി.

സിദ്ധരാമയ്യയുടെയും കുമാരസ്വാമിയുടെയും ശുപാര്‍ശകള്‍ സ്പീക്കര്‍ അതേപടി അംഗീകരിക്കുകയായിരുന്നു .ഈ നിയമസഭയുടെ കാലാവധി തീരുന്നത് വരെ, അയോഗ്യരായ എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. വിപ്പ് ലംഘിച്ചതിനും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനനം നടത്തിയതിനും ഇവര്‍ക്കെതിരെ പ്രത്യക്ഷത്തില്‍ തെളിവുണ്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എതിര്‍വാദത്തിന് സമയം നല്‍കിയെങ്കിലും എംഎല്‍എമാര്‍ തയ്യാറായില്ലെന്നും സ്പീക്കര്‍ പറഞ്ഞു.